പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ കുറയ്ക്കുന്നു; പകരം എസി കോച്ച്

ജൂലൈ 25ന് പുതിയ മാറ്റം നിലവിൽ വരും. അടിയന്തര യാത്രയ്ക്ക് ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക

ചെന്നൈ: എട്ട് ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കാൻ നടപടിയുമായി റെയിൽവേ. തിരുവനന്തപുരം- മം​ഗളൂരു എക്സ്പ്രസ്, മം​ഗളൂരു- ലോക്മാന്യതിലക് മത്സ്യ​ഗന്ധ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് മാറ്റം. ഇവയ്ക്ക് പകരം എസി കോച്ചുകൾ കൂട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. യാത്രക്കാർക്ക് എസി കോച്ചുകളോടാണ് താത്പര്യമെന്ന് കണ്ടെത്തിയതാണ് മാറ്റത്തിന് കാരണമെന്ന് റെയിൽവേ പറയുന്നു. 

ജൂലൈ 25ന് പുതിയ മാറ്റം നിലവിൽ വരും. അടിയന്തര യാത്രയ്ക്ക് ജനറൽ കോച്ചുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഇതോടെ വലയുക.

തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/48) നിലവിൽ അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ കം ലഗേജ് കോച്ചുകളുമാണുള്ളത്. ഒരു ജനറൽ കോച്ച് കുറച്ച് എസി കോച്ചുകളുടെ എണ്ണം നാലായി ഉയർത്താനാണ് തീരുമാനം. ഇതേ റേക്കുകൾ പങ്കുവെയ്ക്കുന്ന മംഗളൂരു- ലോക്മാന്യ തിലക് മത്സ്യഗന്ധ എക്സ്പ്രസിലും (12619/20) സമാന മാറ്റം വരും. 

23 കോച്ചുകളുള്ള ഈ ട്രെയിനുകളിൽ 11 സ്ലീപ്പർ കോച്ചുകളും മൂന്ന് ത്രീ ടയർ എസി കോച്ചുകളും രണ്ട് ടു ടയർ എസി കോച്ചുകളും അഞ്ച് ജനറൽ കോച്ചുകളും രണ്ട് ജനറൽ കം ലഗേജ് കോച്ചുകളുമാണുള്ളത്.

പഴയ രീതിയിലുള്ള ഐആർഎസ് കോച്ചുകൾ ഉപയോഗിക്കുന്ന എട്ട് ട്രെയിനുകളിലാണ് മാറ്റം നിർദേശിച്ചിരിക്കുന്നത്. പുതിയ എൽഎച്ച്ബി കോച്ചുകൾ ഉപയോഗിക്കുന്ന ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എസി ത്രീ ടയർ എസി കോച്ചുകൾ കൂട്ടുന്നതിനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. ഭാവിയിൽ ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ രണ്ടെണ്ണം വരെയായി കുറയാൻ സാധ്യതയുണ്ടെന്നും ഘട്ടം ഘട്ടമായി മാറ്റം നടപ്പാക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. 

എസി കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം കൂടിയെന്ന് റെയിൽവേ പറയുന്നു. എണ്ണത്തിൽ കുറവുള്ള എസി കോച്ചുകളുടെ റിസർവേഷനാണ് ആദ്യം പൂർത്തിയാകുന്നത്. പുതിയ കോച്ചുകളുടെ നിർമാണത്തിൽ എസിക്കാണ് മുൻ​ഗണന. എൽഎച്ച്ബി കോച്ചുകളുള്ള കണ്ണൂർ- യശ്വന്ത്പുർ എക്സ്പ്രസിലും നേത്രാവതി എക്സ്പ്രസിലും നേരത്തെ തന്നെ സ്ലീപ്പർ കോച്ച് കുറച്ച് എസി കോച്ചുകളുടെ എണ്ണം കൂട്ടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com