കര്‍ണാടകയ്ക്ക് മലയാളി സ്പീക്കര്‍?; യു ടി ഖാദര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

By സമകാലിക മലയാളം ഡെസ്ക്  |   Published: 23rd May 2023 08:38 AM  |  

Last Updated: 23rd May 2023 08:38 AM  |   A+A-   |  

khader

യുടി ഖാദർ/ ഫെയ്സ്ബുക്ക്

 

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ച് ഒപ്പുവെക്കും. തെരഞ്ഞെടുക്കപ്പെട്ടാല്‍ കര്‍ണാടകയില്‍ സ്പീക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിമാകും യുടി ഖാദര്‍.  നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 

ദക്ഷിണ കന്നഡ ജില്ലയിലെ മാംഗ്ലൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു. പ്രോടേം സ്പീക്കര്‍ ആര്‍ വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിലാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. 

നേരത്തെ മുതിര്‍ന്ന നേതാക്കളും മുന്‍മന്ത്രിമാരുമായ ആര്‍ വി ദേശ് പാണ്ഡെ, ടിബി ജയചന്ദ്ര, എച്ച് കെ പാട്ടീല്‍ തുടങ്ങിയവരുടെ പേരുകളാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ഇവരെല്ലാം സ്പീക്കര്‍ പദവി വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. 

എട്ടു കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ മന്ത്രിയായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്താം തവണയാണ് താന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം ഉള്ളതിനാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് ആര്‍ വി ദേശ്പാണ്ഡെ അറിയിച്ചു. മണ്ഡലത്തില്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ സ്പീക്കര്‍ പദവിയിലേക്കില്ലെന്ന് ജയചന്ദ്രയും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. 

ഇതേത്തുടര്‍ന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും കെസി വേണുഗോപാലും യുടി ഖാദറുമായി ചര്‍ച്ച നടത്തിയത്. രണ്ടു വര്‍ഷത്തിന് ശേഷം നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് നേതാക്കള്‍ ഖാദറിന് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

2000 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാം; തിരിച്ചറിയല്‍ രേഖ നല്‍കേണ്ട

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ