പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക്;  വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2023 01:46 PM  |  

Last Updated: 28th May 2023 02:33 PM  |   A+A-   |  

modi_parliament

പ്രധാനമന്ത്രി സംസാരിക്കുന്നു/ പിടിഐ

 

ന്യൂഡല്‍ഹി: വൈവിധ്യത്തിന്റെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശസ്തംഭവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്. അമൃത മഹോത്സവത്തില്‍ ജനങ്ങള്‍ക്കുള്ള ഉപഹാരമാണ് പുതിയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകും. ആധുനികതയും പാരമ്പര്യവും സഹവര്‍ത്തിത്തത്തോടെ സമ്മേളിക്കുന്ന മന്ദിരമാണിത്. പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച മെയ് 28 ചരിത്രത്തില്‍ രേഖപ്പെടുത്തും. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മൂഹൂര്‍ത്തമാണിത്. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യാക്കാരുടെ സ്വപ്‌നവും പ്രതീക്ഷയുമാണ്. 

ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. ഭാരതത്തിന്റെ യാത്ര ലോകം പ്രതീക്ഷയോടെയാണ് നോക്കുന്നത്. ഭാരതം മുന്നോട്ടു കുതിച്ചാലോ ലോകവും മുന്നോട്ടു കുതിക്കൂ. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. രാജ്യം കൂടുതല്‍ ഉന്നതിയിലേക്ക് നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

പവിത്രമായ ചെങ്കോലിന്റെ മഹത്വം നാം വീണ്ടെടുത്തു. ചോള സാമ്രാജ്യത്വത്തില്‍ ചെങ്കോല്‍ കര്‍ത്തവ്യനിര്‍വഹണത്തിന്റെ പ്രതീകമാണ്. ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചു. പാര്‍ലമെന്റ് നടപടികള്‍ക്ക് ചെങ്കോല്‍ സാക്ഷിയാകും. ചെങ്കോല്‍ പാര്‍ലമെന്റ് നടപടികള്‍ക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

പുതിയ പാർലമെന്റിൽ നിർമ്മിക്കുന്ന ഓരോ നിയമവും പാവങ്ങൾക്കു വേണ്ടിയാകും. ഓരോ തീരുമാനങ്ങളും ജനനന്മ ലക്ഷ്യമിട്ടാകും. നിർധനരെ സഹായിക്കുക എന്നതാണ് സർക്കാരിന്റെ കടമ. വികസിത ഇന്ത്യ എന്ന ലക്ഷ്യം വെച്ചുള്ള തീരുമാനങ്ങളുണ്ടാകും. പുതിയ പാർലമെന്റ് മന്ദിരം മാത്രമല്ല, പാവപ്പെട്ടവർക്ക് വീടും ശുചിമുറിയും നിർമിച്ചതിലും സന്തോഷമുണ്ട്. വരും വർഷങ്ങളിൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു. ഈ നിമിഷം സുവർണലിപികളാൽ എഴുതപ്പെടുമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതി സന്ദേശത്തിൽ അറിയിച്ചു. സമ്മേളനത്തിൽ പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളെ അടയാളപ്പെടുത്തിയുള്ള  75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു; ലോക്സഭയിൽ 'ചെങ്കോൽ' സ്ഥാപിച്ച് പ്രധാനമന്ത്രി ( വീഡിയോ) 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ