നോട്ട് നിരോധിക്കുന്നു, രാജ്യത്തിന്റെ പേര് മാറ്റിക്കളിക്കുന്നു; 9വര്‍ഷം ജനങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തു?, മോദിയെ കടന്നാക്രമിച്ച് ഉദയനിധി

സനാതന ധര്‍മ്മ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍
ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം
ഉദയനിധി സ്റ്റാലിന്‍ / ഫയല്‍ ചിത്രം

ചെന്നൈ: സനാതന ധര്‍മ്മ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. താന്‍ നടത്തിയ പ്രസംഗം ബിജെപി വളച്ചൊടിച്ച് പ്രചാരണം നടത്തുകയാണെന്നും തനിക്കെതിരെ എടുത്ത എല്ലാ കേസുകളും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 'മണിപ്പൂര്‍ കലാപത്തെക്കുറിച്ച് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദാനിക്കൊപ്പം ലോകം ചുറ്റി നടക്കുകയാണ്. കഴിഞ്ഞ 9 വര്‍ഷമായി നിങ്ങള്‍ നല്‍കിയതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. ഞങ്ങളുടെ ക്ഷേമത്തിന് നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ഫാസിസ്റ്റ് ബിജെപി സര്‍ക്കാരിനോട് രാജ്യമാകെ ഇപ്പോള്‍ ഒരേ സ്വരത്തില്‍ ചോദിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ നടത്തിയ പ്രസംഗം വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന തരത്തില്‍ ബിജെപി നേതാക്കള്‍ വളച്ചൊടിച്ചത്. അത് സ്വയം സംരക്ഷിക്കാനുള്ള ആയുധമായി അവര്‍ കരുതുകയാണ്'- ഉദനിധി പറഞ്ഞു. 

സനാതന ധര്‍മ്മത്തിന് എതിരായ പരാമര്‍ശത്തില്‍ വിമര്‍ശനം കടുപ്പിക്കാന്‍ ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ്, മോദിയെ കടന്നാക്രമിച്ച് ഉദയനിധി രംഗത്തെത്തിയത്. വളച്ചൊടിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി മുഖ്യമന്ത്രിമാരും തനിക്കെതിരെ നടപടി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അപവാദം പ്രചരിപ്പിച്ചതിന് അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നല്‍കേണ്ടത് താനായിരുന്നു. പക്ഷേ, ഇതവര്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് തനിക്കറിയാം. 'നമ്മള്‍ ഒരു മതത്തിന്റെയും ശത്രുക്കള്‍ അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു മതം ആളുകളെ സമത്വത്തിലേക്ക് നയിക്കുകയും അവരെ സാഹോദര്യം പഠിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍, ഞാനും ഒരു ആത്മീയവാദിയാണ്. ഒരു മതം ജനങ്ങളെ ജാതിയുടെ പേരില്‍ വിഭജിക്കുന്നുവെങ്കില്‍, അത് അവരെ തൊട്ടുകൂടായ്മയും അടിമത്തവും പഠിപ്പിക്കുന്നുവെങ്കില്‍, ആ മതത്തെ ആദ്യം എതിര്‍ക്കുന്ന വ്യക്തി ഞാനായിരിക്കും'- അണ്ണാദുരൈയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു. 

പക്ഷേ ഇവയെക്കുറിച്ചൊന്നും ഒരു ചെറിയ ധാരണപോലുമില്ലാത്ത മോദിയും കമ്പനിയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അപവാദ പ്രചാരണങ്ങളെ ആശ്രയിക്കുകയാണ്. നോട്ട് നിരോധനവും കുടിലുകള്‍ മതില്‍കെട്ടി മറച്ചതും പുതിയ പാര്‍ലമെന്റ് നിര്‍മ്മിച്ച് ചെങ്കോല്‍ കൊണ്ടുവച്ചതും രാജ്യത്തിന്റെ പേര് മാറ്റി കളിക്കുന്നതുമാല്ലാതെ  നരേന്ദ്ര മോദി കഴിഞ്ഞ 9 വര്‍ഷത്തനിടെ ഒന്നും ചെയ്തിട്ടില്ല. ഡിഎംകെ സര്‍ക്കാര്‍ ചെയ്യുന്നതുപോലെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും പുരോഗമനപരമായ പദ്ധതികള്‍ വന്നിട്ടുണ്ടോ? മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യങ്ങളെ ഭയന്ന് മോദി അദാനിക്കൊപ്പം ലോകം ചുറ്റിനടക്കുകയാണ്. മണിപ്പൂരില്‍ 250പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി സനാതന ധര്‍മ്മ വിവാദം മോദിയും കമ്പനിയും ഉപയോഗിക്കുകയാണ്- അദ്ദേഹം പറഞ്ഞു. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com