ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍?; ഇന്ത്യയും കാനഡയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിന്റെ കാരണമെന്ത്?

ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ വഷളാവുകയാണ്
ഹര്‍ദീപ് സിങ് നിജ്ജാര്‍/ഫയല്‍
ഹര്‍ദീപ് സിങ് നിജ്ജാര്‍/ഫയല്‍
Updated on
1 min read


ന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ വഷളാവുകയാണ്. ജി 20 ഉച്ചകോടിക്ക് ശേഷം ഇരു രാജ്യങ്ങളും ഏറ്റുമുട്ടല്‍ പരസ്യമാക്കി- യിരിക്കുകയാണ്. ചൈനയ്ക്കും പാകിസ്ഥാനും ശേഷം, മറ്റൊരു രാജ്യത്തോട് ഇന്ത്യ കനത്ത നിലപാട് സ്വീകരിക്കുന്നത് കാനഡയോടാണ്. ഖലിസ്ഥാന്‍ വിഷയത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. 

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. 

ആരാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍? 

2023 ജൂണ്‍ 18നാണ് കാനഡയിലെ ഗുരുദ്വാരയ്ക്ക് സമീപത്തുവെച്ച് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള ഇയാള്‍, 1997ലാണ് കാനഡയിലേക്ക് ചേക്കേറിയത്. പ്ലംബര്‍ ആയിട്ടായിരുന്നു കാനഡയില്‍ എത്തിയത്. നിരോധിത വിഘടനവാദ സംഘടന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാള്‍. സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുമായും നിജ്ജാര്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. 2020ല്‍ ഇന്ത്യ നിജ്ജാറിനെ ഭീകരവാദിയായി പ്രഖ്യാപിച്ചു. 

2007ല്‍ പഞ്ചാബിലെ ലുധിയാനയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 40പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ നിജ്ജാര്‍ ആയിരുന്നു. 2009ല്‍ രാഷ്ട്രീയ സിഖ് സംഘ് പ്രസിഡന്റ് റുല്‍ദ സിങിനെ കൊന്ന കേസിലും നിജ്ജാര്‍ പ്രതിയാണ്. നിജ്ജാറിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

ഇന്ത്യന്‍ ഏജന്റുമാര്‍ കൊന്നതോ? 

ജൂണ്‍ 18നാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കുണ്ടെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നത്. ജി 20 ഉച്ചകോടിയില്‍ ഖലിസ്ഥാന്‍ നയങ്ങളെ പിന്തുണയ്ക്കുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രൂഡോയെ വിമര്‍ശിച്ചതിന് പിന്നാലെ, കാനഡ ഇന്ത്യയുമായുള്ള വാണിജ്യ പദ്ധതി ചര്‍ച്ചകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയത്. 

എന്നാല്‍ വെറുതേയിരിക്കാന്‍ ഇന്ത്യയും തയ്യാറല്ല, കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യ, ഉദ്യോഗസ്ഥനോട് അഞ്ചുദിവസത്തിനകം രാജ്യം വിട്ടുപോകാനും ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഇടപെടുന്നതിലുള്ള ആശങ്ക ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു എന്നതായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.'കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇവരുടെ ഭീഷണി തുടരുന്നു,'- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.അതേസമയം, ഇന്ത്യ-കാനഡ പോര് മുറുകുന്നത് കാനഡയിലേക്ക് പഠനത്തിനും ജോലിക്കുമായി കുടിയേറിയ നിരവധി മലയാളികള്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com