ഇസ്‌കോണ്‍ കൊടും വഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്കു വില്‍ക്കുന്നു; ആരോപണവുമായി മേനകാ ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 10:44 AM  |  

Last Updated: 27th September 2023 10:59 AM  |   A+A-   |  

Maneka_Gandhi

മേനക ഗാന്ധി/ഫയല്‍

 

ന്യൂഡല്‍ഹി: ലോകത്തെ പ്രമുഖ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ഗുരുതര ആരോപണവുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. ഇസ്‌കോണ്‍ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനക ഗാന്ധി ആരോപിച്ചു. ആരോപണം നിഷേധിച്ച് ഇസ്‌കോണ്‍ രംഗത്തുവന്നു.

സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെയാണ് മേനക ആരോപണം ഉന്നയിച്ചത്. 'രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്.

ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. ഇതൊക്കെ ചെയ്തിട്ട് അവര്‍ 'ഹരേ റാം ഹരേ കൃഷ്ണ' എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല'-  മേനക ഗാന്ധി പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്‌കോണ്‍ രംഗത്തുവന്നു.  ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ ഗോസംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് തങ്ങളെന്ന് ദേശീയ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ പറഞ്ഞു. പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവയെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ല- വക്താവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ