'ഇത് വാഷിങ് മെഷീന്‍ സര്‍ക്കാര്‍'; കന്നി പ്രസംഗത്തില്‍ ബിജെപിക്കും കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി

സംവാദത്തിന്റെ മഹത്തായ ചരിത്രം എടുത്തു പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്
priyanka gandhi
പ്രിയങ്കാ​ഗാന്ധി ലോക്സഭയിൽ സംസാരിക്കുന്നു പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രം എല്ലാ വഴികളും തേടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ലോക്‌സഭയില്‍ നടത്തിയ കന്നി പ്രസംഗത്തില്‍ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന. ഭരണഘടന ജനങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവകാശം നല്‍കി. ജനങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ സര്‍ക്കാരിന് അവരുടെ മുന്നില്‍ തലകുനിക്കേണ്ടിവരുമെന്ന് പ്രിയങ്ക പറഞ്ഞു.

സംവാദത്തിന്റെ മഹത്തായ ചരിത്രം എടുത്തു പറഞ്ഞുകൊണ്ടാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ സ്ത്രീകളും ദലിതരും ന്യൂനപക്ഷങ്ങളും നേരിടുന്ന അതിക്രമങ്ങള്‍ പ്രിയങ്ക സഭയില്‍ ചൂണ്ടിക്കാട്ടി. ഉന്നാവോ ബലാത്സംഗകേസ് മുതല്‍ അടുത്തിടെയുണ്ടായ സംഭാല്‍ കലാപം വരെ പ്രിയങ്ക സഭയില്‍ ഉന്നയിച്ചു.

പ്രതിപക്ഷ നേതാക്കളെ പീഡിപ്പിക്കാന്‍ ഭരണകക്ഷിയായ എന്‍ഡിഎ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ നേതാക്കളുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണെന്നും പ്രിയങ്ക ആരോപിച്ചു. അദാനിക്കു വേണ്ടി സര്‍ക്കാര്‍ എല്ലാം അട്ടിമറിക്കുന്നു. 142 കോടി ഇന്ത്യക്കാരെ അവഗണിച്ചുകൊണ്ട് ഒരാളെ മാത്രം ബിജെപി സർക്കാർ സംരക്ഷിക്കുന്നത് രാജ്യം കാണുകയാണ്. ബിസിനസുകള്‍, പണം, വിഭവങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് മാത്രം നല്‍കുന്നു. ബിജെപി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാര്‍ ആണെന്നും പ്രിയങ്ക പരിഹസിച്ചു.

അടുത്തിടെ സംഭാലില്‍ അതിക്രമത്തിനിരയായ കുടുംബങ്ങളില്‍പ്പെട്ട ഏതാനും പേര്‍ തങ്ങളെ സന്ദര്‍ശിച്ചതായി പ്രിയങ്ക പറഞ്ഞു. അതില്‍ അദ്‌നാന്‍, ഉസൈര്‍ എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഒരാള്‍ക്ക് 24 ഉം, മറ്റേയാള്‍ക്ക് 17 ഉം വയസ്സാണ് പ്രായം. മക്കള്‍ പഠിച്ച് വലിയ നിലയില്‍ എത്തണമെന്നതായിരുന്നു തയ്യല്‍ക്കാരനായ അവരുടെ പിതാവിന്റെ വലിയ സ്വപ്‌നം.

എന്നാല്‍ സംഭാലിലെ വര്‍ഗീയ സംഘര്‍ഷത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അവരുടെ പിതാവ് കൊല്ലപ്പെട്ടു. പഠിച്ച് ഒരു ഡോക്ടറായി അച്ഛന്റെ സ്വപ്‌നം സഫലീകരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്‌നാന്‍ പറഞ്ഞു. ആ സ്വപ്‌നവും ആഗ്രഹവും അവനില്‍ ഉറച്ചത് മഹത്തായ ഇന്ത്യന്‍ ഭരണഘടന ഉള്ളതുകൊണ്ടാണെന്ന് പ്രിയങ്കാഗാന്ധി അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള കവചവും ഗ്യാരണ്ടിയുമാണ് ഭരണഘടന. കഴിഞ്ഞ ദശകത്തിൽ കേന്ദ്രസർക്കാർ ഭരണഘടനയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് അവർ ആരോപിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന നമ്മുടെ നാഗരികത സംഭാഷണത്തിലും ആശയവിനിമയത്തിലും വേരൂന്നിയതാണ്. വേദങ്ങൾ, ഉപനിഷത്തുകൾ, ഇസ്ലാം, ജൈനമതം, ബുദ്ധമതം തുടങ്ങിയ പാരമ്പര്യവും പ്രിയങ്ക പ്രസം​ഗത്തിൽ ഊന്നിപ്പറഞ്ഞു. ഭരണഘടനയെ "വിളക്കുമാടം" എന്ന് വിശേഷിപ്പിച്ച പ്രിയങ്ക, അത് നീതി, പ്രതീക്ഷ, അഭിലാഷം എന്നിവയെ ഉൾക്കൊള്ളുന്നുവെന്നും പൗരന്മാർക്ക് അവരുടെ അവകാശങ്ങൾ ഉന്നയിക്കാൻ ശക്തി നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com