ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ പാപം ഒരിക്കലും കോണ്‍ഗ്രസിന്റെ നെറ്റിയില്‍ നിന്ന് മായ്ക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്ന് ഭരണഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്, എന്നാല്‍ മുന്‍കാല ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഭരണഘടന 25 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു, രാജ്യം ഒരു വലിയ ജയിലായി മാറി. അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ ദേശീയ അടിയന്തരാവസ്ഥ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും' പ്രധാനമന്ത്രി പറഞ്ഞു.
ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്വന്തം നേട്ടത്തിന് നെഹ്‌റു ഭരണഘടന അട്ടിമറിച്ചു. നെഹ്‌റു ആദ്യം പാപം ചെയ്തു, പിന്നീട് ഇന്ദിരാഗാന്ധി അത് തുടര്‍ന്നു. അടിയന്തിരാവസ്ഥ കോണ്‍ഗ്രസ് ഭരണത്തിലെ കറുന്ന പാടാണ്, അടിയന്തിരാവസ്ഥയുടെ പാപത്തില്‍നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും മോദി പറഞ്ഞു. ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ തീരുമാനത്തെ പ്രധാനമന്ത്രി ന്യായീകരിച്ചു. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ദേശീയ ഐക്യത്തിന് തടസ്സമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത് റദ്ദാക്കിയ നീക്കത്തെ പ്രശംസിക്കുകയും ചെയ്തു
ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ 75 വര്‍ഷം അസാധാരണമായിരുന്നു. ഭരണഘടനാ ശില്‍പ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചുവെന്നും ഓര്‍മ്മിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക