ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്റില്‍ നാളെ അവതരിപ്പിക്കില്ല. പുതുക്കിയ കാര്യപരിപാടി പട്ടികയില്‍ ബിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത കാര്യപരിപാടിയില്‍ ബില്‍ അവതരണം ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ നിശ്ചയിച്ചിട്ടുള്ള ബില്ലുകളും മറ്റു നടപടികളും പൂര്‍ത്തിയാക്കിയശേഷമാകും ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയിൽ അവതരിപ്പിക്കുകയെന്നാണ് സൂചന.
നേരത്തെ, ഭരണഘടന (129ാം ഭേദഗതി) ബില്‍, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്‍ എന്നീ രണ്ട് ബില്ലുകള്‍ തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയിലേക്ക് പട്ടികപ്പെടുത്തിയിരിക്കുന്ന ഗ്രാന്റിനായുള്ള അനുബന്ധ ആവശ്യങ്ങളുടെ ആദ്യ ബാച്ച് സഭ പാസാക്കിയ ശേഷം ഈ ആഴ്ച അവസാനം ബില്ലുകള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഭരണഘടന അനുച്ഛേദം 83 ഉം, 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും, പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒറ്റയടിക്ക് നടത്താനുമാണ് രാംനാഥ് കോവിന്ദ് സമിതി ശുപാർശ നൽകിയിട്ടുള്ളത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 20 ന് അവസാനിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക