ചെന്നൈ: അണ്ണാ സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. വീട്ടുമുറ്റത്ത് സ്വന്തം ശരീരത്തില്‍ ചാട്ടവാര്‍ കൊണ്ട് അടിച്ചായിരുന്നു പ്രതിഷേധം. 48 ദിവസം വ്രതം എടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അണ്ണാമലൈ പറഞ്ഞു. അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്‌ഐആര്‍ പുറത്തുവിട്ടതിനെയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഡിഎംകെ സര്‍ക്കാരും പൊലീസും ഇരയുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി അവരുടെ അന്തസ്സിന് കോട്ടം വരുത്തി. ഇത് ഭരണകൂടത്തിന്റെ കഴിവുകേടിനെ പ്രതിഫലിപ്പിക്കുന്ന 'ലജ്ജാകരമായ' പ്രവൃത്തിയാണെന്ന് അണ്ണാമലൈ ആരോപിച്ചു.
സര്‍വകലാശാലയില്‍ സിസിടിവി നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെ അണ്ണാമലൈ ചോദ്യം ചെയ്തു. സ്ത്രീ സുരക്ഷയ്ക്കായി ഉദ്ദേശിച്ച നിര്‍ഭയ ഫണ്ട് സംസ്ഥാനം എന്തിനാണ് ഉപയോഗിക്കുന്നതെന്നും അണ്ണാമലൈ ചോദിച്ചു. ഡിഎംകെ നേതാക്കള്‍ക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതി ജ്ഞാനശേഖര്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് അണ്ണാമലെ എക്‌സില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക