ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞില്‍ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്.
നോയിഡ, ഗുരുഗ്രാം, ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും ദീപാവലി ആഘോഷത്തിനു പിന്നാലെ, വായു ഗുണനിലവാര സൂചിക 'മോശം', 'വളരെ മോശം' കാറ്റഗറിയിലാണുള്ളത്. പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും 'മോശം' കാറ്റഗറിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം ഡല്‍ഹിയിലെ എക്യുഐ ശരാശരി 307 ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതാണ് വളരെപ്പെട്ടെന്ന് 395ലേക്ക് ഉയര്‍ന്നത്. ദ്വാരക -സെക്ടര്‍ 8 375, വിമാനത്താവള മേഖല 375, ജഹാംഗീര്‍പുരി 387, മുണ്ട്ക 370, ആര്‍കെ പുരം 395, എന്നിങ്ങനെയാണ് നഗരത്തിലെ വായു ഗുണനിലവാര സൂചിക. പടക്ക നിരോധനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ നവംബർ ആദ്യ വാരം ഡൽഹിയിലെ മലിനീകരണ തോത് ഇനിയും ഉയർന്നേക്കും. മുംബൈ നഗരത്തിലും വായു ഗുണനിലവാര സൂചിക മോശം കാറ്റഗറിയിലാണ്. ബാന്ദ്ര, വഡാല, ബികെസി, കാന്തിവ്‌ലി, മലാഡ് തുടങ്ങിയ ഇടങ്ങളിൽ എക്യുഐ 200ന് മുകളിലാണ് (മോശം വിഭാഗം) രേഖപ്പെടുത്തിയത്. അടുത്ത 48 മണിക്കൂറും മുംബൈ നഗരത്തിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക