കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.
കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.
കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക