'സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍'; തെരഞ്ഞെടുപ്പ് വിജയത്തില്‍ ട്രംപിനെ അനുമോദിച്ച് മോദി
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ട്രംപിന്റെ ഭാഗത്ത് നിന്ന് സഹകരണം പുതുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി എക്‌സില്‍ കുറിച്ചു. സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്ന മുഖവുരയോടെയാണ് ട്രംപിന് മോദി അഭിനന്ദനം അറിയിച്ചത്.
'നിങ്ങളുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍, സുഹൃത്തേ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കഴിഞ്ഞ ടേമില്‍ വിജയിച്ചതിന് സമാനമായി, ഇന്ത്യ-യുഎസ് സമഗ്രമായ ആഗോള, തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാം.'- മോദി എക്‌സില്‍ കുറിച്ചു.
അമേരിക്കയെ 'ചുവപ്പിച്ച്' മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായ ഡോണള്‍ഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ട്രംപിന് 267 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആധിപത്യം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക