ബംഗലൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ക്ക് ബിജെപി കോഴ വാഗ്ദാനം നല്‍കിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 50 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടി വീതമാണ് വാഗ്ദാനം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നരസിപുര നിയോജക മണ്ഡലത്തില്‍ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കവെയാണ് സിദ്ധരാമയ്യ ആരോപണം ഉന്നയിച്ചത്.
കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സര്‍ക്കാരിനുമെതിരെ ബിജെപി തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഓരോ എംഎല്‍എക്കും 50 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50 എംഎല്‍എമാര്‍ക്ക് 50 കോടി വീതം. ഈ പണം എവിടെ നിന്ന് വരുന്നു? ബി എസ് യെഡിയൂരപ്പയും, ബസവരാജ ബൊമ്മൈയും നോട്ടുകള്‍ അച്ചടിക്കുകയാണോ? സിദ്ധരാമയ്യ ചോദിച്ചു.
ഈ പണം എവിടെ നിന്നാണെന്ന് ബിജെപി നേതാക്കള്‍ വെളിപ്പെടുത്തണം. ഇതെല്ലാം അഴിമതി പണമാണെന്ന് വ്യക്തമാണ്. അവര്‍ക്ക് കോടികളുണ്ട്, അവര്‍ ഇത് ഉപയോഗിച്ച് എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ എംഎല്‍എമാര്‍ അതിന് സമ്മതിച്ചില്ല, അതിനാല്‍ അവര്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താനും നീക്കം തുടങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇത്രയും പണം വാഗ്ദാനം ചെയ്യാന്‍ പണം അച്ചടിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അനുമതിയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോക്, ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര എന്നിവര്‍ വെളിപ്പെടുത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക