ആര്‍എസ്എസിനെതിരായ പരാമര്‍ശം: ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി

പരാതിക്കാരന്‍ കേസില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്
javed akthar
ജാവേദ് അക്തര്‍എക്സ്
Published on
Updated on

മുംബൈ: ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ എടുത്ത മാനനഷ്ടക്കേസില്‍ നിന്നും കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ കുറ്റവിമുക്തനാക്കി. മുംബൈ മുലുന്ദ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ( ഫസ്റ്റ് ക്ലാസ്) കോടതിയുടേതാണ് നടപടി. പരാതിക്കാരന്‍ കേസില്‍ നിന്നും പിന്മാറിയതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്.

ആര്‍എസ്എസ് അനുകൂലിയായ അഭിഭാഷകന്‍ സന്തോഷ് ദുബെയാണ് 2021 ഒക്ടോബറില്‍ ജാവേദ് അക്തറിനെതിരെ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ജാവേദ് അക്തര്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നും, സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറിയ താലിബാന്‍കാരും ഹിന്ദു തീവ്രവാദികളും ഒരേപോലെ ഉള്ളവരാണെന്ന് അക്തര്‍ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499 (അപകീര്‍ത്തിപ്പെടുത്തല്‍), 500 (അപകീര്‍ത്തിക്കുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പരാതി നല്‍കിയത്.

പിന്നീട് മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്നം പരിഹരിച്ചുവെന്നും അതിനാല്‍ വിചാരണ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു. കേസ് പിന്‍വലിക്കാന്‍ മജിസ്‌ട്രേറ്റിന് പരാതിക്കാരന്‍ അപേക്ഷയും നല്‍കി. ഇതു പരിഗണിച്ചാണ് കോടതി ജാവേദ് അക്തറിനെ വെറുതെ വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com