മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരണമെന്ന് ശിവസേന. സംസ്ഥാനത്ത് ബിഹാര്‍ മോഡല്‍ നടപ്പാക്കണമെന്നും ശിവസേന ഷിന്‍ഡെ വിഭാഗം വക്താവ് നരേഷ് മാസ്‌കെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന (ഷിന്‍ഡെ)-എന്‍സിപി ( അജിത് പവാര്‍) പാര്‍ട്ടികളുള്‍പ്പെടുന്ന മഹായുതി സഖ്യം തകര്‍പ്പന്‍ വിജയമാണ് നേടിയത്.
ബിഹാറില്‍ നിയമസഭയിലെ അംഗസംഖ്യ നോക്കാതെ, ബിജെപി ജെഡിയു നേതാവ് നിതീഷ് കുമാറിനെയാണ് മുഖ്യമന്ത്രിയാക്കിയത്. അതുപോലെ മഹാരാഷ്ട്രയില്‍ ഷിന്‍ഡെ മുഖ്യമന്ത്രിയായി തുടരണം. മുതിര്‍ന്ന നേതാക്കളാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഷിന്‍ഡെ ഒരു സാധാരണക്കാരനാണ്. അടുത്തിടെ നടത്തിയ സര്‍വേകളില്‍ ഏറ്റവും ജനപ്രിയനായ നേതാക്കളിൽ ഒരാളായി ഷിന്‍ഡെ മാറിയിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് ഷിന്‍ഡെയെ തന്നെയാണെന്നും ശിവസേന നേതാവ് വ്യക്തമാക്കി.
അടുത്തിടെ ഹരിയാനയില്‍ മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയിച്ചപ്പോള്‍ സൈനിയെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കി. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മഹായുതി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാല്‍ ഈ നേതൃത്വത്തെ മാനിക്കണമെന്നും നരേഷ് മാസ്‌കെ ആവശ്യപ്പെട്ടു.
ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം ഗംഭീര വിജയം നേടിയത്. അതിനാല്‍ സഖ്യത്തിന് നേതൃത്വം നല്‍കിയ ഷിന്‍ഡെയെ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്നും ശിവസേന ഷിന്‍ഡെ വിഭാഗം നേതാവും മന്ത്രിയുമായിരുന്ന ദിപക് കേസാര്‍ക്കറും ആവശ്യപ്പെട്ടിരുന്നു.
വീണ്ടും അധികാരം പിടിക്കുകയെന്ന ലക്ഷ്യം സാധിച്ചതിനാല്‍, ഉപയോഗിച്ചശേഷം ഷിന്‍ഡെയെ ബിജെപി വലിച്ചെറിഞ്ഞ് കളയുമെന്ന് ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍സി പ്രവീണ്‍ ദാരേക്കര്‍ രംഗത്തെത്തി. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നിലാണ് മഹാരാഷ്ട്രയിലെ ജനങ്ങള്‍ അണിനിരന്നതെന്നും ദാരേക്കര്‍ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക