

ന്യൂഡല്‍ഹി: രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സഖ്യ കക്ഷികളുടെ കനിവിലാണ് ജീവിക്കുന്നത്. ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ജാതി വിഷം പടര്‍ത്താന്‍ ശ്രമിക്കുന്നതായും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഹരിയാനയുടെ ജനത ഇതിഹാസം രചിച്ചു. കോണ്‍ഗ്രസിന് ഒരിടത്തം രണ്ടാം ഊഴമില്ല. സംസ്ഥാനത്ത് ബിജെപിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നല്‍കി ഹരിയാന ചരിത്രം രചിച്ചു. 1966ലാണ് ഹരിയാന രൂപീകരിച്ചത്, ഹരിയാനയില്‍ 13 തെരഞ്ഞെടുപ്പുകള്‍ നടന്നു, ഇതുവരെ 10 തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ സര്‍ക്കാരുകളെ മാറ്റിയെന്നും മോദി പറഞ്ഞു.
ജനങ്ങള്‍ ഞങ്ങളെ വിജയിപ്പിക്കുക മാത്രമല്ല, കൂടുതല്‍ സീറ്റുകള്‍ നല്‍കുകയും ചെയ്തു. കൂടുതല്‍ വോട്ട് ഷെയര്‍, പൂര്‍ണ്ണഹൃദയത്തോടെ ഞങ്ങള്‍ക്ക് അവര്‍ വോട്ട് ചെയ്തു. നുണകള്‍ക്ക് മേല്‍ വികസനം നേടിയ വിജയമാണിത്. ഹരിയാനയിലെ കര്‍ഷകര്‍ ബിജെപിക്കൊപ്പമാണ്. ഹരിയാനയിലെ ദലിതരെ കോണ്‍ഗ്രസ് അപമാനിച്ചു. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് ആളുകളെ തമ്മിലടിപ്പിക്കുകയാണ്. രാജ്യത്തെ ദുര്‍ബലപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരമില്ലെങ്കില്‍ കരയിലെ മീനിന്റെ അവസ്ഥയാണ് കോണ്‍ഗ്രസിന്'' പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്കാണ്. ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കുകയും വോട്ടു ചെയ്യുകയും ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു. കശ്മീരിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. കശ്മീരിലെ ഈ തിരഞ്ഞെടുപ്പ് പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ആര്‍ട്ടിക്കിള്‍ 370, 35 (എ) പിന്‍വലിച്ചശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണ്. വോട്ടു ശതമാനം കൂടിയത് ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. അതിന് ജമ്മു കശ്മീരിലെ ഓരോ വ്യക്തിയെയും അഭിനന്ദിക്കുന്നു ''പ്രധാനമന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
