ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട. പൊതുദർശനത്തിനു ശേഷം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.
എകെജി ഭവനില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു. ഇടതു പക്ഷത്തെ മുന്നിൽ നിന്നു നയിച്ച വെളിച്ചമായിരുന്നു സീതാറാം യെച്ചൂരി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്. ഇന്ത്യാമുന്നണിയെന്ന് മതേതരരാഷ്ട്രീയ ആശയത്തിന്റെ കാവലാളാണ് അന്തരിച്ച സീതാറാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യെച്ചൂരി. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക