
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത സംസാരിച്ച കെ രാധാകൃഷ്ന്‍ എംപിയുടെ പ്രസംഗത്തിന് സോഷ്യല്‍ മീഡിയയുടെ കയ്യടി. ബില്ലിനെ സിപിഎമ്മിന് വേണ്ടി എതിര്‍ക്കുന്നു എന്ന് വ്യക്തമാക്കിയാണ് ആലത്തൂര്‍ എംപിയുടെ പ്രസംഗം.
മുസ്ലീം വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയാണ് വഖഫ് ബില്‍ എന്ന വാദം വെറും പ്രഹസനമാണ് എന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാം എന്ന പരാമര്‍ശത്തോടെയായിരുന്നു കെ രാധാകൃഷ്ണന്‍ പ്രസംഗം ആരംഭിച്ചത്. ബില്ല് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നതിനും മുസ്ലീം ജന വിഭാഗത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ശത്രുപക്ഷത്ത് നിര്‍ത്താനും ശ്രമിക്കുകയാണ്.
ന്യൂന പക്ഷത്തില്‍പ്പെട്ട കുട്ടികളുടെ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ അവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പുനസ്ഥാപിക്കണം. ഈ ബില്ല് വഖഫ് സ്ഥാപനങ്ങളുടെ സ്വയം ഭരണത്തിന് എതിരാണ്. നിയമം മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇത് മത വിശ്വാസത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 26 വഖഫ് ബില്‍ ലംഘിക്കുകയാണ്. ഈ സമീപനത്തിന് പിന്നിലെന്ത് എന്ന് പരിശോധിക്കണം. വഖഫ് ബോര്‍ഡില്‍ ഇതര മതസ്ഥരെ ഉള്‍പ്പെടുത്തുന്ന നടപടി ശരിയല്ല. അത് ഭരണഘടനാ ലംഘനമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മനിയിലെ പ്രൊട്ടസ്റ്റന്റ് പുരോഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമൊളെറുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു കെ രാധാകൃഷ്ണന്‍ പ്രസംഗം അവസാനിപ്പിച്ചത്.
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു
ഞാന്‍ ഒന്നും മിണ്ടിയില്ല
കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു
പിന്നീട് അവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാനൊന്നും മിണ്ടിയില്ല
കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീട് അവര്‍ ജൂതരെ തേടി വന്നു
ഞാനൊന്നും മിണ്ടിയില്ല
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍
ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല... ഈ അവസ്ഥയാകും ഇപ്പോള്‍ ബില്ലിനെ പിന്തുണയ്ക്കുന്നവരുടേതെന്നും കെ രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി.
കെ രാധാകൃഷ്ണന്റെ പ്രസംഗത്തെ പുകഴ്ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. രാധാകൃഷ്ണന്റെ പ്രസംഗത്തിലെ ഇംഗ്ലീഷ് ഭാഷയെ പരാമര്‍ശിച്ചുയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പിന്തുണ. 16 ഭാഷകള്‍ അറിയാമായിരുന്നിട്ടും അതില്‍ ഒന്നില്‍ പോലും 'ബാബരി ബസ്ജിദ് തകര്‍ക്കരുത്' എന്ന് പറയാതെ വാ പൂട്ടിയിരുന്നവരുടെ പിന്‍ഗാമികള്‍ കേട്ട് പഠിക്കണം കെ രാധാകൃഷ്ണന്റെ മലയാളത്തിലുള്ള പ്രസംഗം. എന്നുള്‍പ്പെടെയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക