
മധുര: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉൾപ്പെടെ പാർട്ടിക്ക് ഏറെ സ്വാധീനമുള്ള ഇടങ്ങളിലേക്ക് നുഴഞ്ഞു കയറാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുക്കുന്നതിനു അടിയന്തര നടപടികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തി സിപിഎം പാർട്ടി കോൺഗ്രസ്. രണ്ടാം ദിവസത്തെ ചർച്ചകൾ പ്രധാനമായും ഈ വിഷയത്തിലായിരുന്നു. ബിജെപി, ആർഎസ്എസ് ഹിന്ദുത്വ പ്രചാരണത്തെ ചെറുക്കുന്നതിനുള്ള നടപടികളെ കേന്ദ്രീകരിച്ചാണ് ചർച്ച പുരോഗമിച്ചത്.
കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തിക്കുന്നതിൽ കേന്ദ്ര കമ്മിറ്റി പരാജയപ്പെട്ടെന്ന വിമർശനം ചർച്ചയിൽ ഉയർന്നു. കേരളത്തിന്റെ പ്രതിനിധിയായ കെകെ രാഗേഷ് കെ ഫോൺ പോലെയുള്ള സംരംഭങ്ങളും നവകേരളത്തിനായുള്ള പദ്ധതികളും ചർച്ചയിൽ വിശദീകരിച്ചു.
ഈ ചർച്ചയിലാണ് കേന്ദ്ര കമ്മിറ്റിക്കെതിരെ അംഗങ്ങൾ വിമർശനം ഉയർത്തിയത്. കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തുന്നില്ലെന്നു ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു. മറ്റ് പ്രദേശങ്ങളിൽ പാർട്ടിയുടെ വളർച്ചയ്ക്കു കേരളത്തിന്റെ നേട്ടങ്ങൾ സഹായകമാകുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. തുടർ ഭരണത്തിനു ഝാർഖണ്ഡിൽ നിന്നുള്ള പ്രതിനിധികളും കേരളത്തെ ചർച്ചയിൽ അഭിനന്ദിച്ചു.
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലും ഇടതു മുന്നണി രൂപീകരിക്കുന്നതിലും പാരാജയപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കകളാണ് തെലങ്കാനയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചത്. പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ സംസ്ഥാനത്തെ തീവ്ര ഇസ്ലാമിക സംഘടനകൾ ശക്തിപ്പെടുന്നതിലേക്കാണ് വിരൽ ചൂണ്ടിയത്. ബംഗാളിൽ ബിജെപി വളരുന്നത് ഇത്തരം തീവ്ര സംഘടനകളെ കൂടി സഹായിക്കുന്നുവെന്നും പ്രതിനിധികൾ വ്യക്തമാക്കി.
കേരളം ഒഴികെ രാജ്യമെമ്പാടും ബിജെപിയും വലതുപക്ഷ രാഷ്ട്രീയവും ശക്തിപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചത് കേരളത്തിലും ഹിന്ദുത്വ ശക്തികൾ കാലുറപ്പിക്കുന്നുണ്ട് എന്നാണ്. ഇടതുപക്ഷ വോട്ടുകളിൽ പോലും വിള്ളലുണ്ടാക്കാൻ അവർക്കു സാധിച്ചു. ഇക്കാര്യം എല്ലാവരും മനസിലാക്കണമെന്നു ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി.
ദേശീയ തലത്തിൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നു കേരളത്തിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഒരു പൊതു വേദിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിൽ ഇത് അനിവാര്യമാണെന്നും കേരള പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
സാംസ്കാരിക ഇടം സംരക്ഷിക്കുന്നതിലും പാർട്ടി പരാജയപ്പെട്ടുവെന്നു ചർച്ചയിൽ അഭിപ്രായമുയർന്നു. ഒരുകാലത്ത് സിപിഎമ്മിനൊപ്പം നിന്നിരുന്ന പല സാംസ്കാരിക ഇടങ്ങളിലേക്കും ഹിന്ദുത്വ ശക്തികൾ പ്രവേശിക്കുന്നുണ്ട്. സാമ്പത്തിക, രാഷ്ട്രീയ പോരാട്ടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ സാംസ്കാരിക ഇടങ്ങൾ കൈയടക്കുന്ന ഹിന്ദുത്വ ശക്തികളെ ഫലപ്രദമായി ചെറുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ലൈബ്രറികൾ, സിനിമ, കലാ വേദികളിലൂടെ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാർട്ടി നടത്തണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക