
മധുര: സിപിഎമ്മിന് ഇനി പുതിയ നേതൃത്വം. കേന്ദ്ര കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് ഉള്‍പ്പെടെ നടന്ന 24 ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടു. 18 അംഗ പോളിറ്റ് ബ്യൂറോയും നിലവില്‍ വന്നു. കേന്ദ്ര കമ്മിറ്റിയില്‍ 20 ശതമാനം സ്ത്രീകളാണ്.
അതിനിടെ, സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധി ഡി എല്‍ കരാഡ് പരാജയപ്പെട്ടു. 31 വോട്ടുകളാണ് കരാഡിന് ലഭിച്ചത്. ആകെ വോട്ടില്‍ 692 വോട്ടുകള്‍ സാധുവായി.
പുതിയ കേന്ദ്ര കമ്മിറ്റിയ്ക്കെതിരെ മഹാരാഷ്ട്ര, യുപി ഘടകങ്ങള്‍ രംഗത്തെത്തിയതോടെയാണ് വോട്ടെടുപ്പ് ആവശ്യമായി വന്നത്. ഔദ്യോഗിക പാനലിനെതിരെ യുപി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്രയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡി എല്‍ കരാഡ് കേന്ദ്ര കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇതോടെ പ്രസീഡിയം മത്സരത്തിന് അനുമതി നല്‍കി.
കേന്ദ്രക്കമ്മിറ്റിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അസാധാരണമാണ്. തൊഴിലാളി വര്‍ഗത്തെ അവഗണിച്ചുവെന്ന് പറഞ്ഞാണ് കരാഡ് മത്സരിക്കുന്നത്. 40 വര്‍ഷമായി പാര്‍ട്ടിയിലുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായാണ് മത്സരിച്ചതെന്നും, ഫലം എന്തായാലും സന്തോഷമെന്നും കാരാഡ് പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ ഉയര്‍ന്ന പ്രായപരിധി 75 വയസ്സ് തന്നെയാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് അപൂര്‍വമായാണ് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്.
പിണറായി വിജയന്‍, ബി വി രാഘവുലു, എം എ ബേബി, തപന്‍ സെന്‍, നിലോത്പാല്‍ ബസു, മുഹമ്മദ് സലിം, എ വിജയരാഘവന്‍, അശോക് ധാവ്‌ളെ, രാമചന്ദ്ര ഡോം, എം വി ഗോവിന്ദന്‍, മുഹമ്മദ് യുസുഫ് തരിഗാമി, പി കെ ശ്രീമതി, ഇ പി ജയരാജന്‍, തോമസ് ഐസക്, കെ കെ ഷൈലജ, എളമരം കരീം, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, പി സതീദേവി, സി എസ് സുജാത, കെ ബാലകൃഷ്ണന്‍, പി സമ്പത്ത്, വിജു കൃഷ്ണന്‍, മറിയം ധാവ്‌ളെ, എ ആര്‍ സിന്ധു, ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, സലീഖ തുടങ്ങി 84 പേരാണ് പുതിയ കേന്ദ്രകമ്മിറ്റിയിലെ അംഗങ്ങള്‍. ഒരു സീറ്റ് ഒഴിച്ചിട്ടുണ്ട്. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ നാല് പേര്‍ സ്ഥിരം ക്ഷണിതാക്കളാവും.
വിജൂ കൃഷ്ണൻ, മറിയം ധാവ്‌ളെ, യു വാസുകി, ആർ അരുൺകുമാർ, ജിതേന്ദ്ര ചൗധരി, കെ ബാലകൃഷ്ണൻ, അംറാ റാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരാണ് 17 അംഗ പോളിറ്റ് ബ്യൂറോയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക