ട്രംപിന്റെ പകരച്ചുങ്കം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് തുറക്കുന്നത് സുവര്‍ണാവസരം

ട്രംപ് നടപ്പാക്കിയ പകരം തീരുവ തുടരുന്ന നിലയുണ്ടായാല്‍ ആഗോള കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്
Toy Image
പ്രതീകാത്മക ചിത്രംAI
Updated on

കൊല്‍ക്കത്ത: യുഎസിലേക്കുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെട്ടുത്തി ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം ആഗോള വിപണിയെ ഉടച്ചുവാര്‍ത്തേക്കുമെന്ന് വിലയിരുത്തല്‍. യുഎസിലേക്കുള്ള കയറ്റുമതിയില്‍ പല രാജ്യങ്ങള്‍ക്കും ചെലവേറുമെങ്കിലും കളിപ്പാട്ട വിപണിയില്‍ ഉള്‍പ്പെടെ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് ട്രംപ് തുറന്നു നല്‍കുന്നത് സുവര്‍ണാവസരമാണെന്നാണ് വിലയിരുത്തല്‍.

ആഗോള കളിപ്പാട്ട വിപണി ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. എന്നാല്‍ കളിപ്പാട്ടങ്ങള്‍ക്ക് ഉള്‍പ്പെടെ 145 ശതമാനം തീരുവയാണ് നിലവില്‍ യുഎസ് ചുമത്തിയിരിക്കുന്നത്. ഈ തീരുവ തുടരുന്ന നിലയുണ്ടായാല്‍ ആഗോള കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് കളിപ്പാട്ട വിപണിയുടെ 77 ശതമാനവും കയ്യാളുന്നത് ചൈനീസ് ഉത്പന്നങ്ങളാണ്. പുതിയ നികുതി നിരക്കുകളുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി ഗണ്യമായി കുറയാനിടയാക്കും. ഈ സാഹചര്യം ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ വിപണിയിലെ ഡിമാന്‍ഡ് പൂര്‍ത്തീകരിക്കാന്‍ വേണ്ട ഉത്പാദനം യുഎസില്‍ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ഈ ഇടത്തിലേക്ക് ഇന്ത്യ കടന്നുവന്നാല്‍ കളിപ്പാട്ട വിപണിയില്‍ രാജ്യത്തിന് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.

ചൈനയില്‍ നിന്നുള്ള കളിപ്പാട്ടങ്ങളുടെ ഇറക്കുമതി ഇന്ത്യ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിലേക്കാണ് ഈ സാഹചര്യം ഇന്ത്യയെ കൊണ്ടെത്തിച്ചത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറയുകയും ചെയ്തു. 2020 ല്‍ 225 ദശലക്ഷം യുഎസ് ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത് എങ്കില്‍ 2024 ല്‍ ഇഥ് 41 ദശലക്ഷം ഡോളറായി ചുരുങ്ങിയിരുന്നു.

ഏകദേശം 41700 കോടി യുഎസ് ഡോളര്‍ മൂല്യമാണ് യുഎസ് കളിപ്പാട്ട വിപണിയുടേത്. ഗുണനിലവാരത്തിലും വിലയിലും ചൈനീസ് ഉത്പനങ്ങളുമായി മത്സരിക്കാന്‍ കഴിയുന്ന നിലയിലേക്ക് ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം സാചര്യങ്ങള്‍ അനുകൂലമാക്കുന്നവയാണ്. ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ കാലങ്ങളില്‍ വളര്‍ച്ചയുടെ പാതയിലാണ്. 2014-15 ല്‍ 40 ദശലക്ഷം യുഎസ് ഡോളര്‍ ആയിരുന്ന കയറ്റുമതി 2023-24 കാലഘട്ടത്തില്‍ 152 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ന്നു. പ്രാദേശിക വിപണിയിലും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നും ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിലെ കളിപ്പാട്ട ഉപസമിതിയുടെ അധ്യക്ഷന്‍ കൂടിയായ ബിഞ്ച്രാജ്ക ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com