
വാഷിങ്ടണ്‍: യുഎസ്-ചൈന തീരുവ വ്യാപാര യുദ്ധം അമേരിക്കയില്‍ കുട്ടികളുള്ള കുടുംബങ്ങളെ കലുഷിതമാക്കിയേക്കും. ഇറക്കുമതി തീരുവയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് നിലപാടില്‍ യുഎസ്എയും ചൈനയും ഉറച്ച് നില്‍ക്കുകയും പകരം തീരുവ 125 ശതമാനത്തോളും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ കളിപ്പാട്ട വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കും. ആഗോള കളിപ്പാട്ട വിപണിയില്‍ വലിയൊരു പങ്കും ചൈനീസ് ഉത്പന്നങ്ങളാണ്. യുഎസ് കളിപ്പാട്ട വിപണിയുടെ 77 ശതമാനവും ചൈനീസ് ഉത്പന്നങ്ങളാണെന്നിരിക്കെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന നിലയിലേക്ക് കളിപ്പാട്ടങ്ങള്‍ക്ക് ചെലവേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് 145 ശതമാനം തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഈ അവസ്ഥയില്‍ കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് വിപണിയില്‍ ഉടന്‍ വില ഉയരുമെന്ന് കളിപ്പാട്ട നിര്‍മാണ കമ്പനികളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്ലോബല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചൈന ടോയ് ആന്‍ഡ് ജുവനൈല്‍ പ്രോഡക്ട്സ് അസോസിയേഷന്റെ പ്രസിഡന്റ് ലിയാങ് മെയ് ഇക്കാര്യം അടിവരയിടുന്നു. ബാര്‍ബി നിര്‍മ്മാതാക്കളായ മാറ്റല്‍ പോലുള്ള കമ്പനികള്‍ പോലും തീരുവ നേരിടാന്‍ വില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
28.3 ബില്യണ്‍ യുഎസ് ഡോളര്‍ വരുന്നതാണ് 2024 ലെ യുഎസ് കളിപ്പാട്ട വിപണി. കളിപ്പാട്ട വിപണിയുടെ മൊത്തം മൂല്യം 42 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു. 2019 മുതല്‍ വലിയ ഉയര്‍ച്ചയാണ് ഈ മേഖല നേടിയത്. പുതിയ താരിഫുകളുടെ പശ്ചാത്തലത്തില്‍ യുഎസ് റീട്ടെയ്ല്‍ വിപണിയിലെ കച്ചവടക്കാരും വിതരണക്കാരും കരാറുകള്‍ പുനപരിശോധിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വാള്‍മാര്‍ട്ടിന്റെയും ടാര്‍ഗെറ്റിന്റെയും പ്രധാന കളിപ്പാട്ട വിതരണക്കാരായ എംജിഎ എന്റര്‍ടൈന്‍മെന്റ് താരിഫ് വര്‍ധനയുടെ ആഘാതം ഒഴിവാക്കാന്‍ ചൈനയില്‍ നിന്ന് ഉത്പാദനം മാറ്റാന്‍ മാര്‍ച്ചില്‍ ശ്രമം നടത്തിയിരുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ശ്രമങ്ങൾ ഗുണം ചെയ്തിരുന്നില്ല.
യുഎസ് താരിഫ് വര്‍ധനവിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടാണ് ചൈന മുന്നോട്ടുവയ്ക്കുന്നത്. ഇറക്കുമതിതീരുവ 145 ശതമാനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച ചൈന യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി അറിയിച്ചു. ഇതിന് പുറമെ ലോകവ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതായും വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക