ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍, ഇന്ത്യയ്ക്ക് പിന്തുണയെന്ന് ബ്രിട്ടന്‍

പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു
indian army
ഇന്ത്യൻ സൈന്യം കശ്മീരിൽ പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം വഷളായിരിക്കെ, വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ടെലഫോണില്‍ ബന്ധപ്പെട്ടു. പഹല്‍ഗാം ഭീകരാക്രമണത്തെ ഗുട്ടെറസ് ശക്തമായ ഭാഷയില്‍ അപലപിച്ചു. വര്‍ധിച്ചു വരുന്ന സംഘര്‍ഷാവസ്ഥയില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഗുട്ടെറസ്, മേഖലയെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന ആരോപണം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഗുട്ടെറസ്സുമായുള്ള സംഭാഷണത്തില്‍ നിഷേധിച്ചു. ഏതു തരത്തിലുള്ള ഭീകരതയ്ക്കുമെതിരെ പാകിസ്ഥാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. ഇന്ത്യ തെറ്റായ ആരോപണം ഉന്നയിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രവും നിഷ്‌ക്ഷവുമായ അന്വേഷണം വേണം. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായിട്ടുള്ള ഏതു നീക്കത്തെയും രാജ്യം ചെറുക്കുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി, കശ്മീര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ യുഎന്‍ ഇടപെടണമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടു.

'ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തോട് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും, അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്'. ഗുട്ടെറസ്സുമായിട്ടുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.

അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് വിശ്വസനീയമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാന്‍ മന്ത്രി അത്തൗല്ല തരാര്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ, ബ്രിട്ടന്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഏപ്രില്‍ 22 ന് പഹല്‍ഗാമിലുണ്ടായത് ആസൂത്രിതമായ ആക്രമണമാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത തടയാന്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുന്നുവെന്ന് കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് അമേരിക്കയും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com