

കൊല്‍ക്കത്ത: ആറ് മാസത്തിനിടെ ഏഴ് വധശിക്ഷാ വിധികള്‍, ആറെണ്ണവും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോ മൃതപ്രായരാക്കിയതോ ആയ കേസുകളില്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള കണക്കുകളിലാണ് പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസുകളിലെ കുറ്റക്കാര്‍ക്കെതിരെ അര ഡസനോളം വധ ശിക്ഷകള്‍ വിധിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ കോടതി വിധികളിലാണ് ഇത്തരത്തില്‍ വധ ശിക്ഷകള്‍ ഉള്‍പ്പെട്ടത്.
സത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് കഠിനമായ ശിക്ഷ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ബംഗാളില്‍ നിന്നുമുള്ള ഈ റിപ്പോര്‍ട്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിലയിരുത്തിയാണ് കുട്ടികള്‍ക്ക് എതിരായ ആതിക്രമങ്ങളില്‍ കോടതികള്‍ വധ ശിക്ഷ നല്‍കിയത്. കുടുംബാംഗങ്ങളെ കുട്ടക്കൊല ചെയ്ത കേസിലെ പ്രതിയാണ് വധശിക്ഷ ലഭിച്ച ഏഴാമത്തെ കേസ്.
കൊല്‍ക്കത്ത ആര്‍ ജി കൗര്‍ മെഡിക്കല്‍ കോളേളില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി സഞ്ജയ് റോയിക്ക് ജീവിതകാലം മുഴുവന്‍ കഠിന തടവിനായിരുന്നു വിചാരണ കോടതി വിധിച്ചത്. ഈ വിധി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍ കൊല്‍ക്കത്ത ന്യൂ ടൗണ്‍ മേഖലയില്‍ എട്ടാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ 22 കാരനായ റിക്ഷ ഡ്രൈവറും അറസ്റ്റിലായിരുന്നു.
വടക്കന്‍ പശ്ചിമ ബംഗാളിലെ സിലിഗുഡി മേഖലയില്‍ 16 കാരിയെ കൊലപ്പെടുത്തിയ കേസില്‍ എംഡി അബ്ബാസ് എന്നയാളെയാണ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. 2023 ഓഗസ്റ്റില്‍ സ്‌കൂളിലേക്ക് പോയകുട്ടി കൊല്ലപ്പെട്ട സംഭവത്തിലെ വിധിയാണ് പട്ടികയില്‍ ആദ്യത്തേത്ത്. സെപ്തംബര്‍ ഏഴിനായിരുന്നു കോടതി വിധി.
സെപ്തംബര്‍ 26 ന് അലിപോര ജില്ലയിലെ സെഷന്‍സ് കോടതിയുടെതാണ് രണ്ടാമത്തെ വധ ശിക്ഷ. പോക്‌സോ കേസില്‍ പ്രതിയായ അശോക് ഷായെ ആണ് ശിക്ഷിച്ചത്. പാചക വാതക വിതരണ ഏജന്റായ പ്രതി അയല്‍വാസിയായ പെണ്‍കുട്ടിയെ ചോക്‌ളേറ്റ് നല്‍കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു പ്രതി കുട്ടിയെ വകവരുത്തിയത്. കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മേഖലയില്‍ വ്യാപക പ്രതിഷേധം അരങ്ങേറുകയും പൊലിസ് ജീപ്പ് ഉള്‍പ്പെടെ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ 62 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയായിരുന്നു 19 കാരന് കോടതി വധശിക്ഷ വിധിച്ചത്. ഒക്ടോബര്‍ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ ജോയ് നഗര്‍ നിവാസിയായ നാലാം ക്ലാസുകാരിയെ മുസ്‌കിന്‍ സര്‍ദാര്‍ എന്ന യുവാവ് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ഡിസംബര്‍ ആറിനായിരുന്നു ബാറൈപൂര്‍ പോക്‌സോ കോടതി കേസില്‍ വിധി പറഞ്ഞത്.
ഒരാഴ്ചയ്ക്ക് ശേഷമാണ് ഡിസംബര്‍ 14 ന് മുര്‍ഷിദാബാദിലെ ജാന്‍ഗിപൂര്‍ കോടതി 42 കാരനെ കേസില്‍ വധ ശിക്ഷ വിധിച്ചത്. കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസില്‍ ആണ് നടപടി. പ്രായമായ പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രമദേസ് ഘോഷാല്‍ എന്ന പ്രതി 2021 നവംബര്‍ എട്ടിന് വകവരുത്തി എന്നാണ് കേസ്.
ഈ വര്‍ഷം ജനുവരി 17 നാണ് പോക്‌സോ കേസുമായി ബന്ധപ്പെട്ട അടുത്ത വധ ശിക്ഷാ വിധി പുറത്തുവന്നത്. ഹൂഗ്ലി ജില്ലയിലെ ഗൗറപില്‍ അഞ്ച് വയസുകാരിയെ ചിപ്‌സ് നല്‍കി കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊപ്പെടുത്തിയ സംഭവത്തിലായിരുന്നു വിധി. 42 കാരനായ അശോക് സിങിനാണ് കോടതി വധ ശിക്ഷ വിധിച്ചത്.
വടക്കന്‍ കൊല്‍ക്കത്തയിലെ ബര്‍ട്ടോളയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് റോഡരികിലെ ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായ രാജിബ് ഘോഷ് എന്നയാള്‍ക്ക് വധ ശിക്ഷ നല്‍കിയതാണ് പട്ടികയിലെ ഏറ്റവും അവസാനത്തെ വിധി.
കൊല്‍ക്കത്തയിലെ പ്രത്യേക പോക്‌സോ കോടതി ചൊവ്വാഴ്ചയാണ് ഈ കേസില്‍ വിധി പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് 26 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 75 ദിവസം കൊണ്ടാണ് വിധി പറഞ്ഞത്. ക്രൂരമായ പീഡനത്തിന് ഇരയായ കുട്ടി നവംബര്‍ 30 മുതല്‍ കൊല്‍ക്കത്തയിലെ ആര്‍ജി കൗര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം, രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് പശ്ചിമ ബംഗാളില്‍ അവസാനമായി വധ ശിക്ഷ നടപ്പാക്കിയത്. എന്നാല്‍, കോടതി വിധികള്‍ സംസ്ഥാനത്തെ പൊലീസിന്റെയും ഭരണ സംവിധാനത്തിന്റെയും നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന തരത്തിലാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates