ദുരന്തത്തില്‍ മാപ്പു ചോദിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍, കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി; അനുശോചിച്ച് പ്രധാനമന്ത്രി

ആവേശത്തില്‍ ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 5000 പൊലീസുകാരെ വിന്യസിച്ചെങ്കിലും നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടം.
DK Shivakumar apologizes for the tragedy, BJP criticizes Congress; PM expresses condolences
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരങ്ങളെ സ്വീകരിക്കുന്ന ആഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചിന്നസ്വാമി സ്‌റ്റേഡിയത്തിലെത്തിയ ആള്‍ക്കൂട്ടം/royal challengers bengaluruഎക്‌സ്‌
Updated on

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (royal challengers bengaluru) കന്നിക്കിരിടം നേടിയ ആഘോഷത്തിനിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ദുരന്തത്തില്‍ മാപ്പു ചോദിക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആവേശത്തില്‍ ജനക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. 5000 പൊലീസുകാരെ വിന്യസിച്ചെങ്കിലും നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടം.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഐപിഎല്‍ കന്നികിരീടം കിട്ടിയത് ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. അന്‍പതോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. '' ബെംഗളൂരുവിലുണ്ടായ ദുരന്തം അതീവ ഹൃദയഭേദകമാണ്. ഈ ദുരന്ത സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് എന്റെ മനസ്സ്. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു'' പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ദുരന്തത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. ദുരന്തത്തിന്റെ ഉത്തരവാദിത്തം കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ക്രമീകരണങ്ങളിലെ വീഴ്ച കാരണമാണ് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇന്നലെയായിരുന്നു ഐപിഎല്‍ ഫൈനല്‍ മാച്ച്. ഇന്നായിരുന്നു ടീമിന്റെ സ്വീകരണം. ഈ ചെറിയ സമയത്തിനിടെ സാധ്യമായ സജ്ജീകരണങ്ങളെല്ലാം ചെയ്തു. കളിക്കാരില്‍ പലര്‍ക്കും മറ്റു പരിപാടികളുണ്ടായിരുന്നു. ചിലര്‍ രാത്രി വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. അതുകൊണ്ടാണ് പരിപാടി ഇന്ന് സംഘടിപ്പിച്ചതെന്നും ഓഫിസ് വ്യക്തമാക്കി. ഭാവിയിലെ ദുരന്തം ഒഴിവാക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com