
ബംഗലൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ ( bengaluru stampede ) കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ബംഗലൂരു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ( BJP President B Y Vijayendra ) ആവശ്യപ്പെട്ടു.
ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ടീമിന്റെ ഉടമകളും ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ ദുരന്തത്തില്‍ കലാശിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിയും രാജിവെയ്ക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു. കളിക്കാര്‍ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കും തിരക്കും ഉണ്ടായിരുന്നു. അത്തരമൊരു സമയത്ത്, ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത് എന്തിനാണെന്ന് വിജയേന്ദ്ര ചോദിച്ചു.
മരണങ്ങളും പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും, ആഘോഷങ്ങള്‍ തുടര്‍ന്നു. സംസ്ഥാന ഉപമുഖ്യമന്ത്രി ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുത്തു. സംഭവസമയത്ത് ആംബുലന്‍സുകള്‍ ഒരുക്കിയിരുന്നില്ല. ഇന്നലെ നടന്ന സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ ഒരു മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പബ്ലിസിറ്റിയില്‍ മുഴുകിയിരിക്കുകയാണെന്നും വി വൈ വിജയേന്ദ്ര ആരോപിച്ചു.
അതിനിടെ, അതിനിടെ, ബംഗലൂരുവില്‍ ആര്‍സിബി വിജയാഹ്ലാദത്തിനിടെ 11 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് വി കമലേശ്വര്‍ റാവു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ബെഞ്ച് ഉച്ചയ്ക്ക് 2.30 നാണ് കേസ് പരിഗണിക്കും. ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ശശി കിരണ്‍ ഷെട്ടി വ്യക്തമാക്കി. ചിന്നസ്വാമി സ്റ്റേഡിയം അപകടത്തില്‍ മജിസ്റ്റീരിയല്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ