
ശ്രീനഗര്‍: അടുത്തിടെ ഉദ്ഘാടനം ചെയ്ത വന്ദേഭാരത് ട്രെയിനില്‍ ശ്രീനഗര്‍- കത്ര റെയില്‍പാതയിലൂടെ സഞ്ചരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ആദ്യമായിട്ടാണ് ഫാറൂഖ് അബ്ദുള്ള ( Farooq Abdullah ) ശ്രീനഗറില്‍ നിന്നും കത്രയിലേക്ക് ട്രെയിന്‍മാര്‍ഗം സഞ്ചരിക്കുന്നത്. കശ്മീരിനെ രാജ്യത്തെ റെയില്‍ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് കാണാന്‍ കഴിഞ്ഞുവെന്ന് ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ശ്രീനഗറിലെ നൗഗ്രാം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഫാറൂഖ് അബ്ദുള്ള ട്രെയിനില്‍ കയറിയത്. കത്രയില്‍ കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരി, ജമ്മു നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് രത്തന്‍ ലാല്‍ ഗുപ്ത എന്നിവര്‍ സ്വീകരിച്ചു. കശ്മീര്‍ ഒടുവില്‍ രാജ്യത്തെ റെയില്‍ ശൃംഖലകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞിരിക്കുന്നു, കണ്ണൂകള്‍ നിറയുന്നു. ഫാറൂഖ് അബ്ദുള്ള വികാരാധീനനായി പറഞ്ഞു.
ഇതു സാധ്യമാക്കിയതിന് എഞ്ചിനീയര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങി പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ ട്രെയിന്‍ സര്‍വീസ് ജനങ്ങളുടെ വിജയമാണ്. ഇതുവഴി യാത്രയും വ്യാപാരവും സുഗമമാകും എന്നു മാത്രമല്ല, ടൂറിസം സാധ്യതയും വര്‍ധിക്കും. ട്രെയിന്‍ സര്‍വീസ് ഇതര മേഖലകള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും ശക്തിപ്പെടുത്തുമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ മക്കളായ സമിര്‍, സഹീര്‍, ജമ്മു കശ്മീര്‍ മന്ത്രി സതീഷ് ശര്‍മ, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നസീര്‍ അസ്ലം വാനി, നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് തുടങ്ങിയവര്‍ ട്രെയിന്‍ യാത്രയില്‍ ഫാറൂഖ് അബ്ദുള്ളയെ അനുഗമിച്ചിരുന്നു.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ ദേവാലയ സന്ദര്‍ശനത്തിനായി ഈ ട്രെയിന്‍ സര്‍വീസ് നല്ല തോതില്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജൂലൈ മൂന്നിനാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ട്രെയിന്‍ സര്‍വീസുകള്‍ കശ്മീരിലെ ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്ക്ക് പ്രയോജനകരമാകുമെന്നും, കന്യാകുമാരി, മുംഹൈ, കൊല്‍ക്കത്ത തുടങ്ങി രാജ്യത്തെ വിദൂര മാര്‍ക്കറ്റുകളില്‍ വരെ ഉത്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാനാകുമെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
കശ്മീര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്കും പുതിയ റെയില്‍വേ ലിങ്ക് ഏറെ പ്രയോജനകരമാണ്. ജൂണ്‍ 6 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ര - ശ്രീനഗര്‍, ശ്രീനഗര്‍- കത്ര എന്നിങ്ങവെ രണ്ടു വന്ദേഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള 27 കിലോമീറ്റര്‍ റെയില്‍വേ ലിങ്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ, കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ