

ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (Raja Raghuvanshi) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ സോനത്തെയും നാലു കൂട്ടാളികളെയും പിടികൂടിയതോടെ കേസ് തെളിയിച്ചിരിക്കുകയാണ് മേഘാലയ പൊലീസ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഭര്‍ത്താവ് കൊല്ലപ്പെട്ടതിന് ശേഷമുള്ള 17 ദിവസം സോനം എവിടെയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോഴും ഉയരുന്നത്. ഇതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം മെയ് 25ന് സോനം ജന്മനാടായ ഇന്‍ഡോറില്‍ തിരിച്ചെത്തിയിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത്. റോഡ് മാര്‍ഗം വാരാണസിയിലേക്ക് പോകുന്നതിന് മുന്‍പ് ഇന്‍ഡോറില്‍ എത്താനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
'സോനം ഇന്‍ഡോറില്‍ എത്തി മെയ് 25 നും 27 നും ഇടയില്‍ ദേവാസ് നാക പ്രദേശത്തെ ഒരു വാടക ഫ്‌ലാറ്റില്‍ താമസിച്ചിരുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഇന്‍ഡോറില്‍ തിരിച്ചെത്തിയ സമയത്ത് കാമുകന്‍ രാജ് കുഷ്വാഹയെ കാണുകയും തുടര്‍ന്ന് ദേവാസ് നാകയ്ക്ക് സമീപമുള്ള ഒരു വാടക മുറിയില്‍ സോനത്തിന് ഒളിച്ചിരിക്കാന്‍ സൗകര്യം ഒരുക്കിയതായും സംശയിക്കുന്നു. രണ്ട് ദിവസത്തിന് ശേഷം രാജ് കുഷ്വാഹ സോനത്തെ ടാക്‌സിയില്‍ കയറ്റി വാരാണസിയിലേക്ക് അയച്ചു. തുടര്‍ന്ന്, ജൂണ്‍ 8-9 തീയതികളില്‍ പുലര്‍ച്ചെ 1:15 ഓടെ കിഴക്കന്‍ യുപിയിലെ നന്ദ്ഗഞ്ചില്‍ (ഗാസിപൂര്‍) വീണ്ടും പ്രത്യക്ഷപ്പെടുന്നതുവരെ സോനം എവിടെയായിരുന്നു എന്നതിനെ കുറിച്ച് അറിവ് ലഭിച്ചിട്ടില്ല.'- പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജൂണ്‍ 8 ന് വാരാണസി ഐഎസ്ബിടിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് പോകുന്ന ബസില്‍ സോനം കയറുകയും എന്നാല്‍ രാജ് കുഷ്വാഹയെയും മറ്റ് മൂന്ന് പേരെയും ഇന്‍ഡോറില്‍ ആ രാത്രിയില്‍ അറസ്റ്റ് ചെയ്തതായി അറിഞ്ഞപ്പോള്‍ ഏകദേശം 65 കിലോമീറ്റര്‍ സഞ്ചരിച്ച് നന്ദ്ഗഞ്ചിനടുത്തുള്ള ധാബയ്ക്ക് സമീപം ഇറങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. വാരാണസി ഐഎസ്ബിടിയില്‍ ബസില്‍ കയറുന്നതിന് മുമ്പ് ഇവര്‍ രണ്ട് യുവാക്കളുമായി സംസാരിക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായും പൊലീസ് പറയുന്നു. രണ്ടാമത്തെ സാധ്യത കൃത്യമാണെങ്കില്‍, അവര്‍ എന്തിനാണ് ഗോരഖ്പൂരിലേക്ക് പോയത് എന്ന ചോദ്യവും പൊലീസിനെ വലയ്ക്കുന്നുണ്ട്.
മുന്‍പ്, ഒളിവില്‍ കഴിഞ്ഞിരുന്ന ആളുകള്‍ നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ഗോരഖ്പൂറിനെയാണ് ആശ്രയിച്ചിരുന്നത്. പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാ സൂചനകളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.
കൂടുതല്‍ അന്വേഷണത്തില്‍ രാജധാനി എക്‌സ്പ്രസ് വഴി ഡല്‍ഹിയില്‍ നിന്ന് മേഘാലയയിലേക്ക് പോകുന്നതിന് മുമ്പ് തന്റെ മൂന്ന് സഹായികളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവര്‍ക്ക് 50,000 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും (ഒരു കീപാഡ്, ഒരു ആന്‍ഡ്രോയിഡ്) രാജ് കുഷ്വാ നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. മെയ് 20-23 കാലയളവില്‍ ഗുവാഹത്തിയില്‍ നിന്ന് രാജ രഘുവംശിയുടെ മരണം വരെ ദമ്പതികളെ കൂട്ടാളികള്‍ പിന്തുടരുമ്പോള്‍ സോനത്തില്‍ നിന്ന് തത്സമയ ലൊക്കേഷനും ഫോട്ടോകളും ആന്‍ഡ്രോയിഡ് ഫോണിന് ലഭിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മെയ് 23 ന് രാജയെ പിന്നില്‍ നിന്ന് തലയ്ക്ക് ആക്രമിച്ചതായി കൂട്ടുപ്രതി വിശാല്‍ സമ്മതിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് ധരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ വിശാലിന്റെ ഇന്‍ഡോറിലെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ചതായി ഇന്‍ഡോര്‍-മേഘാലയ സംയുക്ത അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമ്മീഷണര്‍ പൂനം ചന്ദ് യാദവ് പറഞ്ഞു. വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെല്ലാം രാജ് കുഷ്വായുടെ ബാല്യകാല സുഹൃത്തുക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലുടനീളം സോനം രാജ് കുഷ്വായുടെ അക്കൗണ്ടിലൂടെ ഇടപാടുകള്‍ നടത്തിയിരുന്നതായി ഡിജിറ്റല്‍ പേയ്മെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. കേസിലെ നാല് കൂട്ടുപ്രതികളും രാജ രഘുവംശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ കൊലപ്പെടുന്ന സമയത്ത് സോനം അവിടെ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates