

എല്ലാം ഡിജിറ്റൽ ആകുന്ന ഈ കാലത്ത് നമ്മുടെ തപാൽ പിൻകോഡുകളും ഡിജിറ്റൽ ആയി മാറുക ആണ്. വെറും ആറ് അക്കങ്ങൾ മാത്രമുണ്ടായിരുന്ന നമ്മുടെ പഴയ പോസ്റ്റ് ഓഫീസ് പിൻകോഡുകൾ ഇനി പഴങ്കഥയായി മാറും. ഇനി 10 അക്കമാകും നമ്മുടെ പിൻകോഡുകൾ. ഡിജിപിന്‍ (Digi pin) ഉപയോഗിച്ച് മേല്‍വിലാസം സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. " ഡിജി പിൻ " എങ്ങനെ ആണ് കണ്ടെത്തുന്നത് ? എന്ത് സാങ്കേതിക വിദ്യ ആണ് ഇതിന് പിന്നിൽ ? ടെക്ജന്‍ഷ്യ സ്ഥാപകൻ ജോയ് സെബാസ്റ്റൻ ഇത് വിശദമാക്കുന്നു. വായിക്കാം...
“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ് ഡിജിപിൻ വിഭാവനം ചെയ്തിരിക്കുന്നത്.
IIT ഹൈദരാബാദും , NRSC യും ISRO യുമായി സഹകരിച്ചാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് ഡിജിപിൻ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലത്തിന്റെ ജിയോ ലൊക്കേഷനെ ഒരു കോഡിങ് സമ്പ്രദായം ഉപയോഗിച്ച് പത്ത് അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ആൽഫന്യൂമറിക്ക് കോഡ് ആക്കി മാറ്റിയതാണ് ഓരോ ലൊക്കേഷന്റെയും ഡിജിപിൻ. അത് പ്രകാരം എന്റെ വീടിന്റെ ഡിജിപിൻ MCP-7LP-4722 എന്നാണ്. ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റിൽ പോയാൽ നിങ്ങളുടെ ലൊക്കേഷന്റെ ഡിജിപിൻ കണ്ടുപിടിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്.
എങ്ങിനെയാണ് ഡിജിപിൻ ഉണ്ടാക്കിയിരിക്കുന്നത്?
ഇന്ത്യയുടെ ഭൗമാതിർത്തി, സമുദ്രാതിർത്തി ഉൾപ്പടെ ഒരു വലിയ സമചതുരമാക്കി വിഭാവനം ചെയ്തിരിക്കുന്നു. 63.5 ഡിഗ്രി മുതൽ 99.5 ഡിഗ്രി വരെയുള്ള ലോഞ്ചിട്യൂഡും 2.5 ഡിഗ്രി മുതൽ 38.5 ഡിഗ്രി വരെയുള്ള ലാറ്റിട്യൂഡും ആണ് ഇന്ത്യയുടെ അതിർത്തിയായി ഡിജിപിന്നിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ച വലിയ സമചതുരം 63.5 ഡിഗ്രി മുതൽ 99.5 ലോഞ്ചിട്യൂഡും 2.5 ഡിഗ്രി മുതൽ 38.5 ലാറ്റിട്യൂഡും വെച്ചാണ് എടുത്തിരിക്കുന്നത് ഏകദേശം നാലായിരം കിലോമീറ്റർ നീളവും വീതിയും. അതിർത്തി തീരുമാനിക്കപ്പെട്ട ഈ സമചതുരത്തെ 16 (4X4) സമചതുരങ്ങൾ ആയി വീണ്ടും മുറിക്കുന്നു. ഓരോ സമചതുരത്തിനും ഒരു അക്ഷരമോ അക്കമോ കോഡ് ആയി നൽകിയിരിക്കുന്നു. 2, 3, 4, 5, 6, 7, 8, 9 എന്നീ അക്കങ്ങളും C, J, K, L, M, P, F, T അക്ഷരങ്ങളും ആണ് ഈ കോഡിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. എഴുതുമ്പോഴും പറയുമ്പോഴും പരസ്പരം കുഴപ്പിക്കാത്ത തരത്തിൽ ഉള്ള അക്കങ്ങളും അക്ഷരങ്ങളും ആണ് കോഡിങ്ങിനായി സെലക്ട് ചെയ്തിട്ടുള്ളത്. ഇതാണ് ലെവൽ -1 വിഭജനം എന്ന് വിളിക്കുന്നത്.
ഒന്നാമത്തെ ചിത്രം കണ്ടാൽ ഇത് കൂടുതൽ വ്യക്തമാകും.
ഓരോ സമചതുരത്തിനും ലേബൽ കൊടുത്തിരിക്കുന്നതിന് ഒരു പാറ്റേൺ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത്തെ വരിയിലെ മൂന്നാമത്തെ നിരയിൽ വരുന്ന (2,3) സമചതുരത്തിൽ തുടങ്ങി ആന്റി ക്ലോക്ക് വൈസ് ദിശയിൽ ഉള്ളിലെ ചതുരങ്ങൾ എല്ലാം കടന്നു പുറത്തേക്ക് സ്പൈറൽ രീതിയിൽ സഞ്ചരിച്ച് ആണ് ഓരോ സമചതുരത്തെയും ലേബൽ ചെയ്യുന്നത്. പോസ്റ്റിനൊപ്പം ചേർത്തിട്ടുള്ള രണ്ടാമത്തെ ചിത്രം കാണുക.
ലെവൽ -1 വിഭജനത്തിൽ കിട്ടിയ സമചതുരങ്ങളെ വീണ്ടും 16 സമചതുരങ്ങൾ ആക്കി വിഭജിച്ച് ലെവൽ-2 സമചതുരങ്ങൾ ഉണ്ടാക്കും. ഈ പ്രക്രിയ വീണ്ടും തുടർന്നു 10 ലെവൽ സമചതുരങ്ങൾ ആക്കി മാറ്റും. ഓരോ ലെവൽ സമചതുരങ്ങൾക്കും നേരത്തെ പറഞ്ഞത് പോലെ ലേബലുകളും കൊടുക്കും. ഇങ്ങനെ ഏറ്റവും പുറമേയുള്ള സമചതുരത്തിന്റെ ലേബലിൽ തുടങ്ങി ഉള്ളിലേക്ക് കടന്നു നമ്മുടെ ലൊക്കേഷനിൽ ഉള്ള ചെറിയ സമചതുരത്തിന്റെ വരെയുള്ള ലേബലുകൾ വലത്ത് നിന്ന് ഇടത്തേക്ക് എഴുതിയാണ് ഡിജിപിൻ തയ്യാറാക്കുന്നത്.
ലെവൽ -1 വിഭജനത്തിലെ സമചതുരങ്ങൾക്ക് ഏകദേശം 1000 കിലോമിറ്റർ നീളവും വീതിയും ഉണ്ടാകും. അങ്ങിനെ സമചതുരങ്ങൾ ചെറുതായി ലെവൽ -10 ലെത്തുമ്പോൾ സമചതുരങ്ങൾ 3.8 മീറ്റർ നീളവും വീതിയും ഉള്ളവ ആയിരിക്കും. അതിനർത്ഥം ഈ പത്തക്ക ആൽഫന്യൂമറിക്ക് കോഡ് വഴി സൂചിപ്പിക്കുന്ന ഡിജിപിൻ ന് 3.8 മീറ്റർ വരെ കൃത്യതയോടെ നമ്മുടെ ലൊക്കേഷൻ നിർണ്ണയിക്കാൻ കഴിയും എന്നാണ്.
ഡിജിപിൻ ന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന ഗ്രിഡ് ലൈനിൽ സ്പർശിക്കുന്ന ലൊക്കേഷനുകളിൽ ഗ്രിഡ് ഏതെന്ന് തീരുമാനിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വെർട്ടിക്കൽ ഗ്രിഡ് ലൈനിൽ ആണ് ലൊക്കേഷൻ എങ്കിൽ വലതുവശത്തെ (കിഴക്ക് വശത്തെ) ഗ്രിഡ് ആയും ഹൊറിസോണ്ടൽ ഗ്രിഡ് ലൈനിൽ സ്പർശിക്കുന്ന ലൊക്കേഷൻ മുകൾ വശത്തെ (വടക്ക് വശത്തെ) ഗ്രിഡ് ആയും കണക്കാക്കും.ഇതിൽ തന്നെ എഡ്ജ് കേസുകൾ ആയി ഏറ്റവും മുകളിലെയും ഏറ്റവും വലതുവശത്തെയും ഗ്രൈഡ്ലൈനിൽ വരുന്ന ലൊക്കേഷനുകൾ ഇതിൽ നിന്ന് വ്യത്യസ്തമായി യഥാക്രമം താഴത്തെയും ഇടതുവശത്തെയും ഗ്രിഡിൽ ആണ് ഉൾപ്പെടുത്തുന്നത്.
ഡിജിപിൻ ൽ നമ്മുടെ ജിയോ ലൊക്കേഷൻ തന്നെയാണ് ഉൾച്ചേർത്തിട്ടുള്ളത്. അത് കൊണ്ട് തന്നെ ഒരു ചെറിയ കെട്ടിടത്തിന് ഉള്ളിൽ തന്നെ രണ്ട് ലൊക്കേഷനുകളിൽ ഡിജിപിൻ വ്യത്യസ്തമായേക്കാം. ഒരേ പോസ്റ്റ് ഓഫീസ് അതിർത്തിയിൽ പിൻകോഡ് ഒരേ പോലെ ആയിരുന്നത് പോലെ ആയിരിക്കില്ല ഡിജിപിൻ എന്നർത്ഥം.
എന്തൊക്കെയാണ് ഡിജിപിൻ കൊണ്ടുള്ള പ്രയോജനങ്ങൾ ?
ഡിജിപിൻ ഒരു ഓഫ് ലൈൻ സംവിധാനമാണ്. ലൊക്കേഷൻ ആയി ജിയോഗ്രാഫിക്കൽ കോർഡിനേറ്റുകൾ കൈമാറുന്നതിന് പകരം ഒരു യൂണിക്ക് കോഡ്. ജിയോഗ്രഫിക്കൽ കോർഡിനേറ്റുകളുടെ അത്ര സങ്കീർണ്ണമല്ലാത്തതിനാൽ ഓൺലൈൻ ആയോ ഓഫ് ലൈൻ ആയോ വിനിമയം ചെയ്യാൻ എളുപ്പമാണ്. ചരക്കുകളും സർവീസുകളും കൃത്യതയോടെ ഡെലിവർ ചെയ്യാൻ ഡിജിപിൻ സഹായിക്കും. ഇപ്പോഴുള്ള നാവിഗേഷൻ സോഫ്റ്റ് വെയറുകളിൽ കൂടി ഡിജിപിൻ ഇന്റഗ്രേറ്റ് ചെയ്യപ്പെട്ടാൽ ബാങ്ക് അക്കൗണ്ടുകൾ എങ്ങിനെയാണോ UPI ഐ ഡി കൾ ആയി രൂപാന്തരം പ്രാപിച്ച് കൊണ്ടിരിക്കുന്നത്, അതേ മാറ്റം ആണ് പിൻകോഡ് കൂടി ചേർത്തിട്ടുള്ള ഫിസിക്കൽ അഡ്രസ്സുകളിൽ സംഭവിക്കാൻ പോകുന്നത്. ഫിസിക്കൽ അഡ്രസ്സുകൾ വെറും പത്ത് അക്ഷരങ്ങളോ അക്കങ്ങളോ ആയി മാറും. കൃത്യത വളരെയേറെ വർദ്ധിക്കും.
കെട്ടിടങ്ങളുടെ പേരുകളെയോ, കെട്ടിട നമ്പറുകളെയോ ആശ്രയിച്ചാണ് ഫിസിക്കൽ അഡ്രസ് സിസ്റ്റം നിലനിൽക്കുന്നത്. ഇതിന് മാറ്റം വരും. കെട്ടിടങ്ങൾ ഒന്നും ഇല്ലാത്ത സ്ഥലങ്ങൾക്കോ അവിടെയുള്ള വസ്തുക്കൾക്കോ പോലും ഡിജിപിൻ നൽകാനാവും. ഉദാഹരണത്തിന് ഒരു വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുതടാകത്തിന് ഡിജിപിൻ ലഭ്യമാക്കി അഡ്രെസ്സ് കൊടുക്കാൻ കഴിയും. റിമോട്ട് ആയിട്ടുള്ള പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന അഡ്രസ് ലഭ്യമാക്കേണ്ട എല്ലാ സംഗതികൾക്കും അഡ്രെസ്സ് നൽകാനും അവിടേക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ഡിജിപിൻ ഉപയോഗിച്ച് എത്തിപ്പെടാനും സർവീസ് ലഭ്യമാക്കാനും കഴിയും എന്നതിലാണ് ഇതിന്റെ സാധ്യതകൾ.
സർക്കാർ സർവീസുകളും ആനുകൂല്യങ്ങളും പൗരൻമാർക്ക് കൂടുതൽ കൃത്യതയോടെ ലഭ്യമാക്കുന്നതിലും ഡിജിപിൻ സഹായകമാവും എന്നാണ് കരുതുന്നത്. ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റിൽ ടെക്നിക്കൽ ഡോക്യുമെന്റേഷൻ പബ്ലിഷ് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അത് വായിക്കാം. ഇന്ത്യ പോസ്റ്റിന്റെ വെബസൈറ്റിൽ ഇപ്പോൾ ഡിജി പിൻ കണ്ടു പിടിക്കാനുള്ള ടൂൾ ലഭ്യമാണ്. അതിന്റെ ലിങ്കും കമന്റിൽ നൽകാം. ഡിജിപിൻ പ്രോഗ്രാമിംഗിന് വേണ്ട സോഴ്സ് കോഡും ഈ ടെക്നിക്കൽ ഡോക്യുമെന്റേഷന്റെ ഭാഗമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates