
ചെറിയ കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്നുണ്ടോ? എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിൻ്റെ ഇടയിൽ ശ്രദ്ധ നഷ്ടപ്പെട്ടു പോകുന്നുണ്ടോ? വായനയിലും മറ്റു ജോലികളിലും അധികസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതെ പോകുന്നുണ്ടോ? എങ്കിൽ നിങ്ങള്‍ക്ക് ഡിജിറ്റൽ ഡിമെൻഷ്യയുണ്ടോ എന്ന് സംശയിക്കണം.
ഓർമയെയും ചിന്തയെയും ബാധിക്കുന്ന തരത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കുറയുന്നതിനെയാണ് ഡിമെൻഷ്യ എന്ന് പറയുന്നത്. വാർദ്ധക്യവുമായി ബന്ധപ്പെട്ടണ് ഈ അവസ്ഥ കൂടുതലും കണ്ട് വരുന്നത്. എന്നാൽ, ഇപ്പോൾ ഇത് ചെറുപ്പക്കാരും അഭിമുഖീകരിക്കുന്നുണ്ട്. ഡിജിറ്റൽ ടെക്നോളജിയുടെ വർധിച്ചുവരുന്ന ഉപയോഗം കാരണം, യുവാക്കള്‍ പുതിയ അവസ്ഥയായ ഡിജിറ്റൽ ഡിമെൻഷ്യയുമായി പൊരുതുകയാണ്.
"സാധാരണയായി, 65 വയസ്സിനു മുകളിലുള്ളവരിലാണ് ഡിമെൻഷ്യ കാണപ്പെടാറ്. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവർക്ക് അതിനുമുമ്പ് തന്നെ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത് ദൈനംദിന ജീവിതത്തെയും ജോലിയെയും ആശയവിനിമയത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. അതുമൂലം നിരവധി യുവാക്കൾക്ക് ഓർമക്കുറവും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നു,"- തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സൈക്യാട്രി പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നു.
"കാര്യമായി ജോലി ഒന്നും ചെയ്തിട്ടില്ല, എങ്കിലും ഒരു വ്യക്തി മാനസികമായി ക്ഷീണിതനായി തോന്നുകയും, തലച്ചോറിന് അമിതഭാരം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ - ജോലിയല്ല, മറിച്ച് നിരന്തരമായ ബ്രെയിൻ സ്റ്റിമുലേഷൻ ആയിരിക്കാം കാരണം. ലക്ഷണങ്ങൾ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്താൻ തുടങ്ങിയാൽ ഒരു പ്രൊഫഷണലിന്‍റെ സഹായം തേടുന്നത് നല്ലതാണ്. ഈ അവസ്ഥ നേരത്തെ തന്നെ കണ്ടെത്തുന്നത് ദീർഘകാല ആഘാതം തടയാനും ചിന്താശക്തി പുനഃസ്ഥാപിക്കാനും സഹായിക്കും," അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. നീരജ് എച്ച് അഭിപ്രായപ്പെടുന്നു.
"മൂന്ന് മണിക്കൂറിൽ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തലച്ചോറിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. "കാർട്ടൂണ്‍, ഓൺലൈൻ ഗെയിം അല്ലെങ്കിൽ ആക്ഷൻ സിനിമകൾ കാണുമ്പോൾ തലച്ചോറ് ചലനങ്ങളുടെ ഉയർന്ന വേഗതയ്ക്ക് അനുസൃതമായി മാറിയേക്കാം. ഇത് വേഗത കുറഞ്ഞ വീഡിയോ, വായന, മറ്റ് പ്രവർത്തനങ്ങൾ എന്നിവയുമായി പൊരുത്തപ്പെടാൻ പ്രയാസമുണ്ടാക്കുന്നു. കൂടാതെ ഓർമക്കുറവിലേക്ക് നയിക്കുന്നു," ഡോ. അരുൺ ബി നായർ പറയുന്നു. 40 വയസ്സിനു മുകളിലുള്ളവർക്കും അവരുടെ കാര്യക്ഷമതയെ ബാധിക്കുന്ന അത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതു തലമുറയുടെ ഐക്യു കുറയുന്നു
ഫ്ലിൻ ഇഫക്റ്റ് പ്രകാരം, ബുദ്ധിശക്തിയുടെ സ്കോറുകൾ കാലക്രമേണ വർധിക്കുകയും പുതിയ തലമുറയുടെത് മുൻ തലമുറകളേക്കാൾ മികച്ചതായിരിക്കുകയും ചെയ്യുന്നു. എന്നാൽ അതിന് വിപരീതമായ പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് ഡോ. അരുണ്‍ അഭിപ്രായപ്പെട്ടു.
"പുതു തലമുറയുടെ ഐക്യു കുറഞ്ഞുവരികയാണ്. നമ്മൾ അധികമായി പല മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ തലച്ചോറ് ശരിയായി പ്രവർത്തിക്കണമെന്നില്ല. മൊബൈൽ ഫോണിൽ ഫോൺ നമ്പറുകൾ സൂക്ഷിക്കുന്നതിനാൽ അവയെ ഓർമിച്ചുവെയ്ക്കേണ്ട ആവശ്യമുണ്ടാകാറില്ല. അങ്ങനെ, ഫോൺ നമ്പറുകൾ ഓർമിക്കാനുള്ള തലച്ചോറിന്റെ കഴിവ് ക്രമേണ കുറയുന്നു. ഓൺലൈൻ മാപ്പുകൾ ഉള്ളതിനാൽ ടോപ്പോഗ്രാഫിക്കൽ മെമ്മറി, ഒരു സ്ഥലം കണ്ടെത്താനുള്ള കഴിവും കുറയുന്നു. അതിനാൽ നമ്മുടെ തലച്ചോറിന്റെ ഈ ഭാഗങ്ങൾ മുമ്പത്തെപ്പോലെ ശരിയായി പ്രവർത്തിക്കുന്നില്ല," ഡോ. അരുൺ പറഞ്ഞു.
"കോവിഡ് കാലത്ത്, ഡിജിറ്റൽ സ്‌ക്രീനുകൾ നമ്മളെ ബന്ധിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. എന്നാൽ കുട്ടികളിലും യുവാക്കളിലും ഓൺലൈൻ ക്ലാസുകൾ, ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയിലേക്കുള്ള ദീർഘനേരം എക്സ്പോഷർ, പഠനം, ഒഴിവുസമയം, അമിത ഉത്തേജനം എന്നിവയെ ബാധിച്ചു. ഈ മാറ്റം സ്വാഭാവിക വികസന രീതികളെ, പ്രത്യേകിച്ച് ശ്രദ്ധയും, ഇമോഷണൽ ഇൻ്റലിജൻസിൻ്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തി. വളരുന്ന തലച്ചോറിന് ചലനം, വിരസത, ഭാവന - എല്ലാറ്റിനുമുപരി, യഥാർത്ഥ മനുഷ്യബന്ധം എന്നിവ ആവശ്യമാണ്. എല്ലാ സ്‌ക്രീൻ ഉപയോഗവും ദോഷകരമല്ലെങ്കിലും, പാൻഡെമിക് കാരണം ഉണ്ടായ ശീലങ്ങൾ യുവക്കളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം," ഡോ. നീരജ് കൂട്ടിച്ചേർത്തു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡിജിറ്റൽ ഡീടോക്സിഫിക്കേഷൻ
ഒന്നോ രണ്ടോ മാസത്തേക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, സംഖ്യകൾ, പ്രക്രിയകൾ, സ്ഥലങ്ങൾ മുതലായവ ഓർമിക്കാൻ ശ്രമിക്കുക.
സൂര്യപ്രകാശവും വ്യായാമവും
ശാരീരിക വ്യായാമവും സൂര്യപ്രകാശം ഏല്‍ക്കുന്നതും ഡോപാമൈൻ ഉണ്ടാവാൻ സഹായിക്കുന്നു. ഇത് ഏകാഗ്രത മെച്ചപ്പെടുത്തുന്നു. എൻഡോർഫിനുകൾ മനുഷ്യനെ സന്തോഷത്തോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടുതൽ രക്തചംക്രമണം, വിറ്റാമിൻ ഡി മുതലായവ എന്നിവയും നല്ലതാണ്.
ഉറക്കം
എട്ട് മണിക്കൂർ ഉറക്കം ഓർമശക്തിയുടെ ഏകീകരണത്തിന് സഹായിക്കുന്നു.
സാമൂഹിക ബന്ധങ്ങള്‍
കൂടുതൽ മനുഷ്യബന്ധങ്ങളും നെറ്റ്‌വർക്കുകളും വികസിപ്പിക്കുക.
വെള്ളം കുടിക്കുക
ശരീരത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുക.
"ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും ഇടവേളകൾ എടുക്കുക. വീട്ടിൽ കിടപ്പുമുറി അല്ലെങ്കിൽ ഡൈനിങ് ടേബിൾ പോലുള്ള "സ്ക്രീൻ-ഫ്രീ സോണുകൾ" സൃഷ്ടിക്കുക.
വായന, നടത്തം, കൃഷി, കുട്ടികള്ളോടൊപ്പം സമയം ചിലവിടുക തുടങ്ങിയ പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയും ഓർമശക്തിയും വീണ്ടും പരിശീലിപ്പിക്കാൻ സഹായിക്കും. ഡിജിറ്റൽ ബാലൻസ് സാങ്കേതികവിദ്യ ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല - ഇത് തലച്ചോറിന് പ്രവർത്തിക്കാൻ അവസരം നൽകുന്നതിനെക്കുറിച്ചാണെന്നും ഡോ. നീരജ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ