
മുംബൈ: അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഇരകള്‍ക്ക് ഇടക്കാല ധന സഹായം പ്രഖ്യാപിച്ച് (Air India) എയര്‍ ഇന്ത്യ. അപടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും 25 ലക്ഷം രൂപ ഇടക്കാല സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. എയര്‍ ഇന്ത്യയുടെ മാതൃ കമ്പനിയായ ടാറ്റ സണ്‍സ് നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് പുറമേയാണ് ഇടക്കാല സഹായം എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ആയിരുന്നു നേരത്തെ വിമാന ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും കമ്പനി വഹിക്കും എന്നായിരുന്നു അറിയിച്ചത്. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ കെട്ടിടം പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാര്‍ എക്സ് പോസ്റ്റില്‍ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയായിരുന്നു 12 ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 യാത്രക്കാരുമായി പോയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്നുവീണത്. വിമാനത്താവളത്തോട് ചേര്‍ന്ന മേഘാനിനഗര്‍ പ്രദേശത്തെ ബി ജെ മെഡിക്കല്‍ കോളതിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുള്‍പ്പെടെ 270 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള കണക്കുകള്‍.
മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാഴാഴ്ചത്തെ ദുരന്തത്തില്‍ പല മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഇരകളെ തിരിച്ചറിയാന്‍ അധികൃതര്‍ ഡിഎന്‍എ പരിശോധനയെ ആശ്രയിക്കുന്നത്. ഇതുവരെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച 11 പേരുടെ ഡിഎന്‍എ അവരുടെ കുടുംബാംഗങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ബിജെ മെഡിക്കല്‍ കോളേജിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates