

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട്. പണം ഔദ്യോഗിക വസതിയില്‍ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി വര്‍മയോ വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയുടെ 64 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തായത്. 55 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് രാഷ്ട്രപതിയുടെ പരിഗണനയിലാണ്. തീപിടിത്തം നടന്ന സ്റ്റോര്‍റൂമില്‍ ജസ്റ്റിസ് വര്‍മയും കുടുംബവും അറിയാതെ പണം എത്തില്ല. പണം കണ്ടെത്തിയ സ്റ്റോര്‍ മുറിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. അനുമതിയില്ലാതെ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് വര്‍മ ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയാണ് അദ്ദേഹം. പണം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നും അലഹബാദിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരേ അന്വേഷണത്തിന് തീരുമാനമെടുത്തത്. യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തീപിടിത്തം ഉണ്ടായ സമയത്തു ജസ്റ്റിസ് യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സ് വീട്ടിലെത്തി തീ അണച്ചത്. ഇതിനിടയിലാണ് കെട്ടുകണക്കിനു പണം കണ്ടെത്തിയത്. പരിശോധനയില്‍ ഇവ കണക്കില്‍പ്പെടാത്തതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Supreme Court's internal investigation committee report against former Delhi High Court judge Justice Yashwant Varma in the case of unaccounted cash found at his official residence. The report also recommends action against Yashwant Varma.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
