വിഷ്ണുഭഗവാന് ഇഷ്ടം ശംഖ്, പക്ഷെ ബദരീനാഥ് ക്ഷേത്രത്തില്‍ ശംഖൊലിക്ക് കര്‍ശന നിരോധനം; കാരണമിത്

ബദരിനാഥ് ക്ഷേത്രത്തില്‍ ശംഖിന്റെ ഉപയോഗത്തിന് കൗതുകകരമായ നിയന്ത്രണമുണ്ട്
Badrinath temple
ബദ്രിനാഥ് ക്ഷേത്രം ഫയല്‍
Updated on
2 min read

ഡെറാഡൂണ്‍: ശംഖിനോട് പ്രത്യേക ഇഷ്ടമാണ് ഭഗവാന്‍ വിഷ്ണുവിനുള്ളത്. വിഷ്ണു ഭഗവാന്‍ തന്റെ അടയാള ചിഹ്നമായി വരിച്ചിരിക്കുന്നത് ശംഖിനെ ആകയാല്‍, അറിയപ്പെടുന്നത് തന്നെ ശംഖചക്ര ധാരിയെന്നാണ്. എന്നാല്‍ ബദരിനാഥ് ക്ഷേത്രത്തില്‍ ശംഖിന്റെ ഉപയോഗത്തിന് കൗതുകകരമായ നിയന്ത്രണമുണ്ട്. ക്ഷേത്രത്തില്‍ ശംഖ് മുഴക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. മതപരമായ ആചാരങ്ങള്‍ക്കൊപ്പം ശാസ്ത്രീയ യുക്തിയെയും ക്ഷേത്രം പരിഗണിക്കുന്നു എന്നതിന് തെളിവാണ് ഈ നിയന്ത്രണമെന്ന് പുരോഹിതന്‍ പറയുന്നു.

ശംഖ് മുഴക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ ചുറ്റുമുള്ള പര്‍വതപ്രദേശങ്ങളില്‍ മഞ്ഞിടിച്ചിലിന് കാരണമാകുമെന്നാണ് പ്രാദേശികമായി വിശ്വസിക്കപ്പെടുന്നത്. ഈ വിശ്വാസം നമ്മുടെ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, ഭക്തരും നാട്ടുകാരും ഇത് ഗൗരവമായി കാണുന്നു. ബദരീനാഥിലേക്ക് തീര്‍ത്ഥാടകര്‍ ഒഴുകിയെത്തുമ്പോള്‍, അത്തരമൊരു ചെറിയ പ്രവൃത്തികള്‍ പോലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന കരുതലാണ് ഈ നിയന്ത്രണങ്ങള്‍ക്ക് അടിസ്ഥാനം. പുരോഹിതന്‍ പറയുന്നു.

പ്രധാന ക്ഷേത്രം ഒഴികെ, ബദ്രിപുരിയുടെ പ്രധാന ഭാഗങ്ങള്‍ ഹിമപാത സാധ്യത ഏറിയ മേഖലകളാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ ചാന്ദി പ്രസാദ് ഭട്ട് പറയുന്നു. മുന്‍കാലത്ത് ഓരോ പതിറ്റാണ്ടിലും ബദ്രിനാഥില്‍ മഞ്ഞിടിച്ചില്‍ മൂലം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2014 ല്‍ ബദ്രിനാഥിലെ നാരായണ്‍ പര്‍വത പ്രദേശത്തുണ്ടായ വലിയ ഹിമപാതം കനത്ത നാശമാണ് വിതച്ചതെന്ന് ഭട്ട് കൂട്ടിച്ചേര്‍ത്തു.

മഞ്ഞിടിച്ചില്‍ ബദ്രിപുരിയില്‍ മാത്രമല്ല, മനയിലും പരിസര ഗ്രാമങ്ങളിലും ഒട്ടേറെ ജീവഹാനിയും സ്വത്തുവകകളുടെ നാനഷ്ടത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് ഭട്ട് വ്യക്തമാക്കി. അഞ്ച് പതിറ്റാണ്ടിലേറെയായി ഹിമാലയന്‍ പരിസ്ഥിതി സംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച 92 കാരനായ ചാന്ദി പ്രസാദ് ഭട്ടിന് പത്മവിഭൂഷണ്‍, പത്മശ്രീ, ഗാന്ധി സമാധാന സമ്മാനം, മാഗ്സസെ അവാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

'ബദരീനാഥ് ക്ഷേത്രത്തിന് ചുറ്റുമായി, നീലകണ്ഠ പര്‍വ്വതം, നര നാരായണന്‍, കാഞ്ചന്‍ ഗംഗ, സതോപന്ത്, മന, കുബേര്‍ പര്‍വ്വത നിരകളുണ്ട്. കൂടാതെ, മഞ്ഞുമൂടിയ മറ്റ് നിരവധി കൊടുമുടികളുമുണ്ട്. മുന്‍കാലങ്ങളില്‍, ബദരീനാഥ് മുതല്‍ മന മേഖല വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. മഞ്ഞുമൂടിയ ഈ കൊടുമുടികളില്‍ നിന്നുള്ള ഹിമപാതങ്ങള്‍ ഭയന്ന് ബദരീനാഥ് ക്ഷേത്രത്തില്‍ ശംഖ് വിളിച്ചിരുന്നില്ല എന്ന് ഓം പ്രകാശ് ഭട്ട് പറഞ്ഞു.

ബദരീനാഥില്‍, അഭിഷേക ചടങ്ങിനായി ശംഖ് ഉപയോഗിക്കുന്നു. കൂടാതെ പ്രതിഷ്ഠയില്‍ അര്‍പ്പിക്കുന്ന വഴിപാടുകള്‍ വിശുദ്ധീകരിക്കാനും ഇത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഇവിടെ ശംഖ് ഊതുന്നത് നിരോധിച്ചിരിക്കുന്നു. ബദരീനാഥിലെ മത പ്രമാണിയായ ഭുവന്‍ ചന്ദ്ര ഉണിയാല്‍ പറഞ്ഞു. ബദരീനാഥ് മുതല്‍ മന വരെയുള്ള മുഴുവന്‍ താഴ്വരയും അതീവ ദുര്‍ബലമാണെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മുമ്പ് ഈ പ്രദേശത്ത് മനുഷ്യ സാന്നിധ്യം വളരെ കുറവായിരുന്നു. മഞ്ഞുമൂടിയ കൊടുമുടികളിലെ പ്രകമ്പനങ്ങള്‍ തടയുക എന്നതാണ് ബദരീനാഥില്‍ ശംഖ് മുഴക്കുന്നത് നിരോധിച്ചതിന് പിന്നിലെ ശാസ്ത്രീയ കാരണം. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്റെ ഇടപെടല്‍ ഈ മേഖലയില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി വര്‍ധിക്കുന്നു. ഇത് മഞ്ഞിടിച്ചില്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com