
ലഖ്നൗ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ അമ്മ അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റുവെന്നും, ലൈംഗിക തൊഴിലിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ആരോപണം. ഗുരുഗ്രാമിലെ പെണ്‍വാണിഭ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കാനാണ് അമ്മ നിര്‍ബന്ധിച്ചതെന്ന് 17 കാരി പറയുന്നു. അമ്മയുടെ പിടിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് കാണ്‍പൂരിലെ രേവ്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലേക്ക് മടങ്ങിയെത്തി.
എന്നാല്‍ രക്ഷപ്പെടുത്തുന്നതിന് പകരം രേവ്ന പൊലീസ് തന്നെ അമ്മയുടെ കൈകളിലേക്ക് തിരികെ ഏല്‍പ്പിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. ലൈംഗികവൃത്തിക്ക് പോകാനുള്ള നിര്‍ബന്ധത്തെ എതിര്‍ത്തപ്പോള്‍ അമ്മയും കൂട്ടാളികളും ചേര്‍ന്ന് വീടിന്റെ മുകളില്‍ നിന്നും തള്ളിയിട്ടെന്നും, ഇതേത്തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കാണ്‍പൂര്‍ ദേഹാട്ട് ഗ്രാമവാസിയാണ് പെണ്‍കുട്ടി. ഗുരുഗ്രാമില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരു വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അമ്മ, തന്നേക്കാള്‍ 10 വയസ്സ് കൂടുതലുള്ള അവിടുത്തെ ജന്മിയുടെ മകനുമായി വിവാഹം നടത്താന്‍ തീരുമാനിക്കുകയും, അവരില്‍ നിന്നും അഞ്ചുലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തതായി പെണ്‍കുട്ടി ആരോപിച്ചു.
ഇതറിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ സഹായത്തോടെ ഗുരുഗ്രാമില്‍ നിന്ന് രക്ഷപ്പെട്ട് മാര്‍ച്ച് 17 ന് ദേഹാട്ടിലുള്ള അമ്മാവന്റെ വീട്ടിലെത്തി. പിന്നീട് രേവ്‌ന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് അമ്മയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ രേവ്‌ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് അറിഞ്ഞ അമ്മ, ജന്മി, കൂട്ടാളികളായ ഷമ്മി തകരന്‍, രാജു, മറ്റൊരാള്‍ എന്നിവര്‍ക്കൊപ്പം മാര്‍ച്ച് 18 ന് ഗ്രാമത്തിലെത്തി. ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്ത ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസ് പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം, അവളെ അമ്മയുടെ കൂടെ വിടാനാണ് ശ്രമിച്ചത്.
അതേസമയം, ആരോപണങ്ങള്‍ രേവ്‌ന പൊലീസ് ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. കൗമാരക്കാരിയെ അമ്മാവന്‍ നിര്‍ബന്ധിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുവന്നതാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഡിസിപി (സൗത്ത്) ദിപേന്ദ്ര നാഥ് ചൗധരി ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുമെന്നും കേസ് ഗുരുഗ്രാമിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക