
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരമായി ഒരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തിലെന്ന് റിപ്പോര്‍ട്ട്. ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ(എല്‍എസി) സുരക്ഷാ ചുമതലയുള്ള ഡിവിഷന്‍ മൂന്നിന് പുറമെയാണിത്. മേഖലയിലെ സുപ്രധാന നീക്കമായ ഓര്‍ബാറ്റ് നീക്കത്തിലൂടെ രൂപീകരിക്കുന്ന പുതിയ ഡിവിഷന്‍ 72 ഡിവിഷന്‍ എന്നറിയപ്പെടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഓര്‍ബാറ്റ് എന്നാല്‍ 'ഓര്‍ഡര്‍ ഓഫ് ബാറ്റില്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്, നിലവിലുള്ള സൈനികരെ പുനഃസംഘടിപ്പിക്കുകയും പുനര്‍വിന്യസിക്കുകയും ചെയ്യുന്നതിനെയാണ് റീ-ഓര്‍ബാറ്റ് എന്ന് പറയുന്നത്. സൈന്യത്തിലെ ഒരു ഡിവിഷനില്‍ 10,000 മുതല്‍ 15,000 യുദ്ധ സൈനികരും 8,000 ത്തോളം വരുന്ന മറ്റ് അംഗങ്ങളുമാണുള്ളത്. മേജര്‍ ജനറലിന്റെ നേതൃത്വത്തില്‍ 3 മുതല്‍ 4 വരെ ബ്രിഗേഡുകള്‍ ഉള്‍പ്പെടുന്നതാണിത്. ഒരു ബ്രിഗേഡിന് 3,500-4,000 സൈനികരുണ്ട്. ബ്രിഗേഡിയറാണ് ഇതിന്റെ കമാന്‍ഡര്‍.
'ഒരു ബ്രിഗേഡിന്റെ ആസ്ഥാനം ഇതിനകം കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിര്‍ദ്ദിഷ്ട ചുമതലകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥരെയും യുദ്ധോപകരണങ്ങളെയും സമന്വയിപ്പിക്കുന്നതിന് പരിശീലനം നല്‍കിവരുന്നു.
കാര്‍ഗില്‍ യുദ്ധത്തിനുശേഷം 1999 സെപ്റ്റംബറില്‍ സ്ഥാപിതമായ ലേ ആസ്ഥാനമായുള്ള 14 ഫയര്‍ ആന്‍ഡ് ഫ്യൂറി കോര്‍പ്സിന്റെ കീഴില്‍ പുതുതായി എത്തുന്ന 72 ഡിവിഷന്‍ സ്ഥിരമായി സ്ഥാപിക്കപ്പെടും.
72 ഡിവിഷന്‍ നിയന്ത്രണം ഏറ്റെടുക്കുന്ന പ്രദേശം നിലവില്‍ 'യൂണിഫോം ഫോഴ്സ്' എന്നറിയപ്പെടുന്ന കൗണ്ടര്‍ ഇന്‍സര്‍ജന്‍സി വിഭാഗമാണ് പരിപാലിക്കുന്നത്. ജമ്മു ഡിവിഷനിലെ റിയാസിയിലെ പഴയ സ്ഥലത്തേക്ക് യൂണിഫോം ഫോഴ്സ് ഉടന്‍ തന്നെ മടങ്ങും. 832 കിലോമീറ്റര്‍ നിയന്ത്രണരേഖ പ്രശ്‌നബാധിത മേഖലയായി തുടരുന്നതിനാല്‍ കിഴക്കന്‍ ലഡാക്കില്‍ ഒരു സ്ഥിരം ഡിവിഷന്‍ കൊണ്ടവരാനുള്ള സൈന്യത്തിന്റെ തീരുമാനം സുപ്രധാന നീക്കമാണ്.
2020 മെയ് മാസത്തില്‍ പാങ്കോങ് തടാകത്തിനടുത്തുള്ള ഫിംഗര്‍ -4 ല്‍ ചൈനീസ്- ഇന്ത്യന്‍ സൈനികര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇനിന് തുടര്‍ച്ചയെന്നോണം ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലും ഏറ്റുമുട്ടല്‍ ഉണ്ടായി. നിരവധി റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയും ചൈനയും പിന്മാറിയിരുന്നു. പ്രദേശത്ത് പെട്രോളിങ് ആരംഭിച്ചെങ്കിലും ഇരുവശത്തുമുള്ള സൈനികരും നിയന്ത്രണ രേഖയ്ക്ക് സമീപം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക