
ചെന്നൈ: കേന്ദ്രസര്‍ക്കാരിന്റെ മണ്ഡല പുനര്‍ നിര്‍ണയ നീക്കം തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ സീറ്റുകളെ ബാധിക്കുമെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടപ്പിലാക്കിയാല്‍, തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. കേരളത്തിലും തമിഴ്‌നാട്ടിലും നിയോജക മണ്ഡലങ്ങളുടെ എണ്ണം കുറയുമെന്നും ഷണ്‍മുഖം മാധ്യമങ്ങളോട് പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നിരവധി രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിരാശാജനകമായ പദ്ധതിക്കെതിരെ പോരാടുന്നതിന് അജണ്ട രൂപീകരിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സിപിഎമ്മിന്റെ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 1 മുതല്‍ 6 വരെ മധുരയില്‍ നടക്കും. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരും പങ്കെടുക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏപ്രില്‍ 3 ന് മധുരയിലെ തമുക്കം മൈതാനത്ത് 'സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍' എന്ന സെമിനാറില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ എന്നിവര്‍ പങ്കെടുക്കും.
സംവിധായകരായ രാജു മുരുകന്‍, ശശികുമാര്‍, വെട്രിമാരന്‍, നടന്മാരായ വിജയ് സേതുപതി, പ്രകാശ് രാജ് തുടങ്ങിയവര്‍ പാര്‍ട്ടി കോണ്‍ഗ്രസിനേട് അനുബന്ധിച്ചുള്ള വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക