
ന്യൂഡല്‍ഹി: ലോകത്തുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും അഭയം നല്‍കാന്‍ കഴിയുന്ന 'ധര്‍മശാല' അല്ല ഇന്ത്യയെന്ന് സുപ്രീംകോടതി. ഇന്ത്യയില്‍ അഭയാര്‍ഥി ആക്കണമെന്ന ശ്രീലങ്കന്‍ പൗരന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നാരോപിച്ച് 2015ല്‍ അറസ്റ്റിലായ ശ്രീലങ്കന്‍ തമിഴ് പൗരന്റെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
140 കോടി ജനങ്ങളുമായി നമ്മള്‍ ബുദ്ധിമുട്ടുകയാണ്. ലോകമെമ്പാടുമുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യ അഭയം നല്‍കണോ ? എല്ലായിടത്തു നിന്നുമുള്ള വിദേശ പൗരന്മാരെ താമസിപ്പിക്കാന്‍ കഴിയുന്ന ഒരു ധര്‍മശാലയല്ല ഇത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു. നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാല്‍ ഹര്‍ജിക്കാരന്റെ തടങ്കല്‍, ആര്‍ട്ടിക്കിള്‍ 21ന്റെ (ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ള അവകാശം) ലംഘനമല്ലെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. അഭിപ്രായസഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ സ്ഥിരമായി താമസിക്കാന്‍ നിങ്ങള്‍ക്ക് എന്താണ് അവകാശമെന്നും കോടതി ചോദിച്ചു. ശ്രീലങ്കയില്‍ ഇയാളുടെ ജീവന്‍ അപകടത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. അങ്ങനെയാണെങ്കില്‍ മറ്റൊരു രാജ്യത്തേക്ക് മാറാനായിരുന്നു കോടതിയുടെ നിര്‍ദേശം.
എന്നാല്‍ വിസ എടുത്താണ് താന്‍ ഇന്ത്യയിലെത്തിയതെന്നും സ്വന്തം നാട്ടില്‍ തന്റെ ജീവന്‍ അപകടത്തിലാണെന്നും ശ്രീലങ്കന്‍ സ്വദേശി സുപ്രീം കോടതിയെ അറിയിച്ചു. ഭാര്യയും കുട്ടികളും ഇന്ത്യയില്‍ സ്ഥിരതാമസമാക്കി. മൂന്നു വര്‍ഷത്തോളമായി താന്‍ തടങ്കലില്‍ കഴിയുകയാണ്. നാടുകടത്തല്‍ നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ല്‍ വിചാരണക്കോടതി ഇയാള്‍ക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 2022ല്‍ മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴു വര്‍ഷമായി വെട്ടിക്കുറച്ചു. എന്നാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഉടന്‍ രാജ്യം വിട്ടുപോകണമെന്നും അതുവരെ ഡിപോര്‍ട്ടേഷന്‍ ക്യാംപില്‍ കഴിയണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ