

ന്യൂഡൽഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ രണ്ട് പേർ ഉത്തർപ്രദേശിൽ പിടിയിൽ. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മദ് ഹാറൂൺ, തുഫൈൽ എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സേനയാണ് ഇരുവരേയും പിടികൂടിയത്. പിടിയിലായവരിൽ ഒരാൾ ഇന്ത്യയിൽ നിന്നു പുറത്താക്കപ്പെട്ട ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ്.
മുഹമ്മദ് ഹാറൂൺ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാകാൻ സാധ്യതയുള്ള വിവരങ്ങൾ ഹാറൂൺ പാകിസ്ഥാനു കൈമാറിയെന്നാണ് വിവരം.
പാകിസ്ഥാൻ പിന്തുണയുള്ള സംഘടനകൾ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി സൃഷ്ടിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തുഫൈൽ സജീവമാണെന്ന് എടിഎസിന് വിശ്വസനീയമായ രഹസ്യാന്വേഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്. തെഹരീകെ ലബൈക് എന്ന ഭീകര സംഘടനയുടെ നേതാവായ മൗലാന ഷാദ് റിസ്‍വിയുടെ വിഡിയോകൾ ഇയാൾ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഷെയർ ചെയ്തിരുന്നു. ഈ സംഘടനെ പിന്തുണയ്ക്കുന്ന 600 പാകിസ്ഥാൻ പൗരൻമാരുമായി ബന്ധം പുലർത്തിയിരുന്ന തുഫൈലിനെ വാരാണസിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ഒരു വിശുദ്ധ യുദ്ധം, ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരം, ശരിയത്ത് നിയമം നടപ്പിലാക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആശയമായ ഗസ്‌വ ഇ ഹിന്ദ് ആഹ്വാനങ്ങൾ ഈ സന്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.
രാജ്ഘട്ട്, നമോഘട്ട്, ഗ്യാൻവ്യാപി, റെയിൽവേ സ്റ്റേഷൻ, റെഡ‍് ഫോർട്ട്, നിസാമുദ്ദീൻ ഔലിയ, ജുമാമസ്ജിദ് തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യക്തികൾക്കു തുഫൈൽ അയച്ചു കൊടുത്തതായി കണ്ടെത്തി. പാകിസ്ഥാൻ സേനയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായി തുഫൈൽ നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
