
ന്യൂഡല്‍ഹി: തട്ടിപ്പ് തടഞ്ഞ് പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ലക്ഷ്യമിട്ട് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും അവതരിപ്പിക്കാന്‍ ഒരുങ്ങി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി). ജൂണ്‍ മുതല്‍ ആരംഭിക്കുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ പുതിയ സംവിധാനം നടപ്പാക്കാനാണ് യുപിഎസ് സി ആലോചിക്കുന്നത്. എന്നാല്‍ പരീക്ഷാ പ്രോട്ടോക്കോളിലെ ഈ അപ്ഗ്രേഡ് വരാനിരിക്കുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയ്ക്ക് ബാധകമാകില്ല. ഞായറാഴ്ചയാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ.
ബയോമെട്രിക് വെരിഫിക്കേഷനില്‍ ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍, മുഖം തിരിച്ചറിയല്‍, ഇ-അഡ്മിറ്റ് കാര്‍ഡുകളുടെ ക്യൂആര്‍ കോഡ് സ്‌കാനിങ് എന്നിവ ഉള്‍പ്പെടും. കൂടാതെ, ആള്‍മാറാട്ടം തടയുന്നതിനും പരീക്ഷയ്ക്കിടെ സംശയാസ്പദമായ പെരുമാറ്റം കണ്ടെത്തുന്നതിനും തത്സമയ എഐ അധിഷ്ഠിത സിസിടിവി നിരീക്ഷണവും വിന്യസിക്കും.
പൂജാ ഖേദ്കര്‍ കേസ് പോലുള്ള തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സാങ്കേതിക പരിഷ്‌കരണം നടപ്പിലാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് യുപിഎസ്സി കഴിഞ്ഞ വര്‍ഷം ബിഡ്ഡുകള്‍ ക്ഷണിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുപിഎസ് സി പരീക്ഷയ്ക്ക് ബയോമെട്രിക്, എഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. നിയമന പ്രക്രിയയുടെ വിവിധ ഘട്ടങ്ങളില്‍ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാര്‍ ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന യുപിഎസ് സിയുടെ അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് (ഡിഒപിടി) അംഗീകരിച്ചിട്ടുണ്ട്.
ജൂണില്‍ ആരംഭിക്കുന്ന എല്ലാ പരീക്ഷകള്‍ക്കും പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് യുപിഎസ്സി ചെയര്‍മാന്‍ ഡോ. അജയ് കുമാര്‍ സ്ഥിരീകരിച്ചു. സിവില്‍ സര്‍വീസ്്, എന്‍ജിനിയറിങ് സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷകള്‍ അടക്കം 14 പ്രധാന പരീക്ഷകളാണ് യുപിഎസ് സി ഓരോ വര്‍ഷവും നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ