
ഛണ്ഡീഗഡ്: ഹരിയാനയിലെ പഞ്ച്കുലയില്‍ (Panchkula) ഒരു കുടുബത്തിലെ മൂന്ന് കുട്ടികളടക്കം ആറുപേരെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാറിന് പുറത്ത് നടപ്പാതയില്‍ ഒരാള്‍ തളര്‍ന്നിരിക്കുന്നതും കണ്ടു. ദുരൂഹത നിറഞ്ഞ കാഴ്ച കണ്ട ഉടനെ തന്നെ നാട്ടുകാര്‍ ആറുപേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ താനും മരിക്കുമെന്ന് ഏഴാമത്തെയാല്‍ ഭീഷണി മുഴക്കിയിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം മരണം സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യകളാണെന്ന് സ്ഥിരീകരിച്ചു. കാറില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളും കണ്ടെടുത്തു. എന്നാല്‍ ആത്മഹത്യാ കുറിപ്പില്‍ എന്താണുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കടം കയറിയത് മൂലം ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഒരു വീടിന് പുറത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ആദ്യം കണ്ടത് നാട്ടുകാരാണ്. ഉടന്‍ തന്നെ സംശയം തോന്നിയ നാട്ടുകാര്‍ കാര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് കാറിനകത്തു നിന്നും മൃതദേഹങ്ങള്‍ കണ്ടത്. തിങ്കളാഴ്ച പ്രവീണ്‍ മിത്തലും കുടുംബവും പഞ്ച്കുലയിലെ ബാഗേശ്വര്‍ ദാമില്‍ ആത്മീയ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് ഡെറാഡൂണിലേക്കുള്ള യാത്രയില്‍ വിഷം കഴിച്ച് മരിക്കുകയായിരുന്നു.
രാത്രി നടത്തത്തിന് പോയ വ്യക്തിയായിരുന്നു കാര്‍ ആദ്യം കണ്ടത്. തന്റെ കാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാര്‍ കണ്ട ഇയാള്‍ വ്യത്യസ്തമായ രീതിയില്‍ ഒരു ടവല്‍ കാറിന് പുറത്ത് തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചു. ഒപ്പം തന്നെ നടപ്പാതയില്‍ ഒരാളിരിക്കുന്നുമുണ്ടായിരുന്നു. ബാഗേശ്വര്‍ ദാമില്‍ നിന്നും വന്നതാണെന്നും ഹോട്ടല്‍ കിട്ടാത്തതിനാല്‍ കാറില്‍ എല്ലാവരും ഉറങ്ങുകയാണെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കാര്‍ മാര്‍ക്കറ്റ് ഭാഗത്തേക്ക് മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്ത് സംശയം തോന്നിയ വ്യക്തി കാറിലേയ്ക്ക് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു.
'എല്ലാവരും മലന്ന് കിടക്കുകയായിരുന്നു. എല്ലാവരും ഛര്‍ദിച്ചിട്ടുണ്ട്. കാറിലും ദുര്‍ഗന്ധമുണ്ടായിരുന്നു. പുറത്തിരുന്ന ആ മനുഷ്യനെ ഞാന്‍ പിടിച്ചുവലിച്ചുകൊണ്ടുവന്ന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. അവരെല്ലാം ആത്മഹത്യ ചെയ്തുവെന്നും അടുത്ത അഞ്ച് നിമിഷത്തില്‍ താനും മരിക്കാന്‍ പോവുകയാണെന്നും വലിയ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നും അയാള്‍ പറഞ്ഞു', മൃതദേഹം കണ്ട കാല്‍നടയാത്രക്കാരന്‍ പറഞ്ഞു. പഞ്ച്കുല ഡെപ്യൂട്ടി കമീഷണര്‍ ഹിമാദ്രി കൗശിക്ക്, ഡെപ്യൂട്ടി കമ്മീഷണര്‍ ലോ ആന്റ് ഓര്‍ഡര്‍ അമിത് ദഹിയ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ