ചേട്ടാ,  റോയല്‍ എന്‍ഫീല്‍ഡ് തള്ളിമറിക്കല്ലേ

ചേട്ടാ,  റോയല്‍ എന്‍ഫീല്‍ഡ് തള്ളിമറിക്കല്ലേ
Updated on
3 min read

കൊമ്പനെന്നാണ് വെപ്പ്. എല്ലാ ലക്ഷണവും തികഞ്ഞൊരു കൊമ്പന്‍. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ബജാജിന്റെ പിള്ളേരു ഡൊമിനാറും കൊണ്ടു തേച്ചു കയ്യില്‍ കൊടുത്തു. തേപ്പ് എന്നു പറഞ്ഞാല്‍ എമ്മാതിരി തേപ്പ്. ഇമ്മാതിരിയൊരു തേപ്പ് എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. തേപ്പു കിട്ടിയത് റോയല്‍ എന്‍ഫീല്‍ഡ് എന്ന രാജാവിനെതിരേയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. സിടി 100 ഒക്കെ ഇറക്കിയ ബജാജ് പോലൊരു കമ്പനി തങ്ങളെ തേക്കാന്‍ ആയോ? എന്‍ഫീല്‍ഡിയന്‍മാരുടെ 'രാജരക്തം'  തിളച്ചു. 

പിന്നെയൊന്നും നോക്കിയില്ല, മറുതേപ്പായിരുന്നു ലക്ഷ്യം. ഈ തേപ്പു കണ്ടു ഒന്നു പാട്ടിക്കരയാമായിരുന്നില്ലേ എന്നു ചോദിക്കാന്‍ തോന്നി. അത്രയ്ക്കുണ്ടായിരുന്നു. 

അങ്ങോട്ടും ഇങ്ങോട്ടും പോകാനും തിരിക്കാനും പറ്റിയില്ലെങ്കില്‍ ആനപ്പുറത്തിരുന്നിട്ടു വല്ല കാര്യവുമുണ്ടോ. എബിഎസ് അടക്കമുള്ള സകല കുണ്ടാമണ്ടിയും ഫിറ്റ് ചെയ്‌തെത്തുന്ന ഡൊമിനാറിനെ എന്തു പറഞ്ഞു ട്രോളും. ഡൊമിനാര്‍ പോകട്ടെ എഫിസിയെ, അല്ലെങ്കില്‍ പള്‍സറിനെ, അതുമല്ലെങ്കില്‍ യൂണികോണിനെ എന്തു പറഞ്ഞു ട്രോളും ഈ പാരമ്പര്യ രാജാക്കന്മാര്‍. ക്രൂയിസ് സെഗ്‌മെന്റില്‍ ഡൊമിനാറിനെ തൊടാന്‍ ഹിമാലയത്തിനു സാധിക്കുമെന്ന് തോന്നുന്നില്ല.

ചിത്രം-ഫെയ്‌സ്ബുക്ക്‌
ചിത്രം-ഫെയ്‌സ്ബുക്ക്‌

മെയ്ഡ് ലൈക്ക് എ ഗണ്‍, ഗോസ് ലൈക് എ ബുള്ളറ്റ്! കേള്‍ക്കുമ്പോ തന്നെ ഒരു പഞ്ചല്ലേ. പഞ്ച് മാേ്രത ഒള്ളൂ. നോക്കൂ, ഞാന്‍ ആദ്യമേ ഒരു കാര്യം പറയാം. ബുള്ളറ്റ് കോമഡിയാണ്! വണ്ടിപരിപാലനത്തെ കുറിച്ചു പറയുന്നതും കേള്‍ക്കുന്നതും ഓക്കെ. എന്നാല്‍, ഈ വണ്ടിയെ കുറിച്ചു പരിപാലനത്തിന്റെ കഥ മാത്രമേയൊള്ളൂ. ചറപറ ഗിയറിടരുത്, എന്നും തേച്ചുകുളിപ്പിക്കണം. ഗട്ടറില്‍ ചാടിക്കരുത്. എന്ന ബിജുക്കുട്ടന്റെ ഡയലോഗ് ആണ് ഓര്‍മവരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്കും ഇമ്മാതിരി കാര്യങ്ങളാണ് രാജകല്‍പ്പനകളാക്കി വെച്ചിരിക്കുന്നത്.

അതായത്, ബുള്ളറ്റിനെ ഇങ്ങനെ പരിപാലിക്കാം. ബുള്ളറ്റിനു മഴകൊള്ളിക്കരുത്. ബുള്ളറ്റിനു എണ്ണ തേച്ചു കുളിപ്പിക്കണം. തേങ്ങേട് മൂട്! സൈറ്റുകളായ സൈറ്റുകളിലൊക്കെ നോക്കിയാല്‍ കാണുന്നത് ബുള്ളറ്റ് പരിപാലനത്തെ കുറിച്ചാണ്. എന്തോന്നടേ, ഇതു ഷോക്കേസില്‍ കയറ്റി വെക്കാനോ, അതോ, തലയലേറ്റി നടക്കാനോ ഉള്ളതാണോ.

ചിത്രം-ഫെയ്‌സ്ബുക്ക്‌
ചിത്രം-ഫെയ്‌സ്ബുക്ക്‌

പിന്നെ പാരമ്പര്യം, എന്റെ പൊന്നോ, ബുള്ളറ്റിന്റെ പാരമ്പ്യര്യം ഒന്നു സെര്‍ച്ച് ചെയ്താല്‍ കരഞ്ഞു കണ്ണീരു വരും. ഒരു എന്‍ഫീല്‍ഡ് മുതലാളിക്കാണെങ്കില്‍ രോമാഞ്ച കുഞ്ചുകമുണ്ടാകും. ഈ പാരമ്പര്യത്തിനുള്ള പണിയാണ് ബജാജിന്റെ 400 സിസി ഡൊമിനാര്‍ നല്ല അസലായി തന്നത്. റൈഡ് ലൈക് എ കിങ് എന്നൊക്കെ പറഞ്ഞു മണ്ടന്‍മാരെ പറ്റിക്കാന്‍ സുഖമാകും.

ചിത്രം-ഫെയ്‌സ്ബുക്ക്‌
ചിത്രം-ഫെയ്‌സ്ബുക്ക്‌

റോയല്‍ എന്‍ഫീല്‍ഡ് സ്റ്റാന്‍ഡേര്‍ഡ് തൊട്ടു ഹിമാലയന്‍ വരെയുള്ളവരോട് വെറുതെ ഒന്നു ചോദിച്ചു നോക്കൂ. എങ്ങനെയുണ്ട് വണ്ടിയെന്ന്. ജയിംസ് ബോണ്ട് സിനിമകളില്‍ ബോണ്ട് വില്ലന്‍മാരെ നോക്കുന്ന ഒരു പുച്ഛഭാവമുണ്ട്. ചോദിച്ചവര്‍ ലോകത്തിലെ ഏറ്റവും വലിയ തോല്‍വികളാണെന്ന രീതി വരെ ആ നോട്ടത്തിലുണ്ടാകും. കാര്യമായി ചോദിച്ചാല്‍ പറയും. ബുള്ളറ്റല്ലേ ബ്രോ എന്ന്! ആയിക്കോട്ടെ, ബുള്ളറ്റായിക്കോട്ടെ. ഒരു കുഴപ്പവുമില്ല. ഒന്നേക്കാല്‍ ലക്ഷം തുട്ട് കൊടുത്തു വാങ്ങുന്ന സാധനത്തിനു എന്താണ് പ്രത്യേകത എന്നാണ് ചോദിച്ചാല്‍ വലിയ ഐഡിയ ഈ ' രാജാക്കന്മാര്‍ക്കു' കാണില്ല. എല്ലാവരും പറയുന്ന ബുള്ളറ്റ് അതാണ് ഇതാണ് എന്ന്. അതുകൊണ്ട് ഞാനും എടുത്തു. ഈ അതാണ് ഇതാണ്, എന്താണ് ബ്രോ എന്നു ചോദിച്ചാല്‍ അതൊരു ഇതാണെന്നായിരിക്കും മറുപടി.

മര്യാദയ്ക്കു ഗിയര്‍ മാറ്റാനറിയുന്ന റൈഡര്‍ക്കു ഒരു 125 സിസി ബൈക്കും കൊണ്ടു ഈ പറയുന്ന എന്‍ഫീല്‍ഡിനെ ഓവര്‍ടേക്കു ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞാല്‍ ബുള്ളറ്റ് പ്രേമികള്‍ മകന്റെ ഫോണില്‍ ബ്ലൂവെയില്‍ ഗെയിമുണ്ടെന്നറിയുന്ന രക്ഷിതാക്കളെ പോലെയാകും.

ഒരു ശരാശരി നിലവാരം പുലര്‍ത്തുന്ന ബൈക്കിനെ പാരമ്പര്യത്തിന്റെയും എടുപ്പിന്റെയും ആണത്വത്തിന്റെയും പേരുപറഞ്ഞു വിപണനം ചെയ്തതിലൂടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമകളായ ഐഷറിനു എത്ര നേട്ടമുണ്ടായി എന്നറിയാനാണെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഓഹരി വിപണിയില്‍ ഐഷറിന്റെ ഓഹരികളുടെ കിടപ്പ് നോക്കിയാല്‍ മതി. പാദവാര്‍ഷിക റിപ്പോര്‍ട്ടു വരുമ്പോള്‍ ഹീറോയടക്കമുള്ളവയ്ക്കു ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ എന്‍ഫീല്‍ഡ് കുതിച്ചുകൊണ്ടേയിരിക്കുന്നു.

സംഗതി ഇത്രയേ ഒള്ളൂ. കമ്പനി മാര്‍ക്കറ്റിംഗ് തന്ത്രമുപയോഗിച്ചു ഒരു പ്രൊഡക്ടിനെ വിപണിയിലെത്തിക്കുമ്പോള്‍ അതും പറഞ്ഞു അതിന്റെ ഉപയോക്താക്കള്‍ തള്ളിമറിക്കരുത്. അറ്റ്‌ലീസ്റ്റ്, ബുള്ളറ്റ് മാത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്ക് എന്നെങ്കിലും പറയാതിരുന്നൂടെ.

പെര്‍ഫോമന്‍സിന്റെ കാര്യത്തിലും സര്‍വീസിന്റെ കാര്യത്തിലും മെയിന്റനന്‍സിന്റെ കാര്യത്തിലും ഏത് ബൈക്കിനു മുന്നിലാണ് ഈ റോയല്‍ എന്‍ഫീല്‍ഡ്? ഒരു ബൈക്കിനും മുന്നിലല്ല. മറിച്ചു പലകാര്യത്തിലും പിന്നിലാണു താനും. പാരമ്പര്യത്തിന്റെ കാര്യത്തില്‍ മാത്രമാണ് മുന്നില്‍. ഈ പാരമ്പര്യം പോക്കറ്റ് ചോര്‍ത്തുന്നതു നിങ്ങള്‍ക്കു പുല്ലാണെങ്കില്‍, സോറി, ഞാന്‍ ഇന്നലെ ഇല്ല സാര്‍!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com