പുറപ്പെട്ടത് മൂന്നു മണിക്കൂര്‍ വൈകി, എത്തിയത് ഒരു മിനിറ്റ് നേരത്തെ, യാത്രക്കാരെ അമ്പരപ്പിച്ച് തേജസ് എക്‌സ്പ്രസ്

ഇന്ത്യന്‍ റെയില്‍വേയില്‍ പതിവില്ലാത്ത ഈ കൃത്യനിഷ്ഠ കണ്ട് അമ്പരപ്പിലാണ് തേജസിലെ യാത്രക്കാര്‍. 
പുറപ്പെട്ടത് മൂന്നു മണിക്കൂര്‍ വൈകി, എത്തിയത് ഒരു മിനിറ്റ് നേരത്തെ, യാത്രക്കാരെ അമ്പരപ്പിച്ച് തേജസ് എക്‌സ്പ്രസ്

മുംബൈ: രാജ്യത്തെ ആദ്യ ആഢംബര ട്രെയിനായ തേജസ് എക്‌സ്പ്രസ് ഞായറാഴ്ച ഗോവയിലെ കര്‍മാലി സ്‌റ്റേഷനില്‍നിന്നു പുറപ്പെട്ടത് രാവിലെ പത്തരയ്ക്ക്. മൂന്നു മണിക്കൂര്‍. 750 കിലോമീറ്റര്‍ താണ്ടി വണ്ടി മുംബൈയില്‍ എത്തിയത് 7.44ന്. നിശ്ചിത സമയത്തിനും ഒരു മിനിറ്റ് നേരത്തെ. ഇന്ത്യന്‍ റെയില്‍വേയില്‍ പതിവില്ലാത്ത ഈ കൃത്യനിഷ്ഠ കണ്ട് അമ്പരപ്പിലാണ് തേജസിലെ യാത്രക്കാര്‍. 

രാവിലെ ഏഴരയാണ് ഗോവയില്‍ തേജസ് എക്‌സ്പ്രസിന്റെ പുതിയ സമയം. മണ്‍സൂണ്‍ കാലത്ത് കൊങ്കണ്‍ റെയില്‍വേയിലെ യാത്രാ സമയം ദീര്‍ഘിപ്പിച്ചതിനാലാണ് ട്രെയിന്‍ നേരത്തെയാക്കിയത്. ഞായറാഴ്ചയായിരുന്നു പുതിയ സമയക്രമം അനുസരിച്ചുള്ള ആദ്യ യാത്ര. കന്നിയാത്ര തന്നെ പക്ഷേ പാളി. ഏഴരയ്ക്കു പുറപ്പെടേണ്ട ട്രെയിന്‍ യാത്ര തുടങ്ങിയത് പത്തരയ്ക്ക്. ആഡംബര ട്രെയിനിന്റെ മെല്ലെപ്പോക്കു കണ്ട് യാത്രക്കാര്‍ അസ്വസ്ഥരാവുകയും ചെയ്തു. മുംബൈയില്‍ സമയത്തിന എത്താനാവില്ലെന്നായിരുന്നു പലരുടെയും വേവലാതി. 

ഗോവയില്‍നിന്നു മൂന്നു മണിക്കൂര്‍ വൈകി പുറപ്പെട്ട ട്രെയിന്‍ കുഡാലില്‍ എത്തിയപ്പോള്‍ വൈകലിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 17 മിനിറ്റായി കുറച്ചു. രത്‌നഗിരിയില്‍ എത്തിയപ്പോള്‍ ലേറ്റ് ഒരു മണിക്കൂര്‍ മാത്രം. പന്‍വേലില്‍ 14 മിനിറ്റ് മാത്രം ലേറ്റ് ആയിരുന്നു തേ്ജസ് എക്‌സ്പ്രസ്. മുംബൈയില്‍ എത്തേണ്ടത് 7.45ന് ആണെങ്കിലും എത്തിയത് 7.44ന്. ഒരു മിനിറ്റ് ബിഫോര്‍ ടൈം.

തുടക്കത്തില്‍ നഷ്ടമായ സമയം വീണ്ടെടുക്കാന്‍ കര്‍മാലി മുതല്‍ കുഡാല്‍ വരെ 153 കിലോമീറ്റര്‍ വേഗത്തിലാണ് തേജസ് ഓടിയത്. കുഡാല്‍ മുതല്‍ രത്‌നഗിരി വരെ വേഗം 137 കിലോമീറ്റര്‍. രത്‌നഗിരിക്കും പന്‍വേലിനും ഇടയില്‍ 125 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പാഞ്ഞത്. മണിക്കൂറില്‍ 200 കിലോമീറ്ററാണ്, ഇലക്ട്രൊ ന്യുമാറ്റിക് ബ്രേക്കിങ് സംവിധാനമുള്ള തേജസ് എക്‌സ്പ്രസിന്റെ പരമാവധി വേഗം.

മെയ് 22നാണ്, 13 കോച്ചുകളുള്ള തേജസ് എക്‌സ്പ്രസ് മന്ത്രി സുരേഷ് പ്രഭു ഫഌഗ് ഓഫ് ചെയ്തത്. ആഴ്ചയില്‍ മൂന്നു സര്‍വീസാണ് മുംബൈയ്ക്കും ഗോവയ്ക്കുമിടയില്‍ നടത്തുക. വൈ ഫൈ, എല്‍ഇഡി എന്റര്‍ടെയിന്‍മെന്റ് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ഡോര്‍, വാക്വം ബയോ ടോയ്‌ലറ്റ് തുടങ്ങി നൂതന സൗകര്യങ്ങള്‍ തേജസിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com