യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍ വിലക്കിഴിവ്, ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ എണ്ണ; വാഗ്ദാനവുമായി റഷ്യ

വന്‍ വിലക്കുറവില്‍ ഇന്ത്യയ്ക്ക് അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ റഷ്യ വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മോസ്‌കോ: വന്‍ വിലക്കുറവില്‍ ഇന്ത്യയ്ക്ക് അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ റഷ്യ വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ട്. യുക്രൈനിലെ റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണവില ഉയര്‍ന്നുനില്‍ക്കുകയാണ്. ഇതിന്റെ ഫലമായി ഇന്ത്യയിലും ഇന്ധനവില ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. അതിനിടെയാണ് കുറഞ്ഞവിലയില്‍ ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചത്.

യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. ഇതിനായി ഈ വര്‍ഷം കുറഞ്ഞത് 1.5 കോടി ബാരല്‍ അസംസ്‌കൃത എണ്ണയെങ്കിലും വാങ്ങണമെന്നാണ് റഷ്യയുടെ നിലപാട്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയ്ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഏഷ്യയിലെ തന്നെ വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയെയും ചൈനയെയുമാണ് റഷ്യ മുഖ്യമായി ലക്ഷ്യമിടുന്നത്. ചൈനയിലേയ്ക്കും വന്‍തോതില്‍ എണ്ണ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

റഷ്യയുടെ പണമിടപാട് സംവിധാനമായ എസ്പിഎഫ്എസ് വഴി റൂബിള്‍-രൂപ ഇടപാടിനും റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കൂടുതല്‍ സുഗമമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഇക്കാര്യം ചര്‍ച്ചചെയ്തേക്കും.

രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാള്‍ട്ടിക് കടല്‍വഴിയുള്ള ഷിപ്പിങ് തടസം മറികടക്കാന്‍ കിഴക്കന്‍ റഷ്യയുടെ വ്ളാഡിവോസ്റ്റോക് തുറമുഖം വഴി എണ്ണ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് 20 ദിവസംകൊണ്ട് ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള എണ്ണശുദ്ധീകരണ ശാലകളില്‍ എണ്ണ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com