ഡെലിവറി ഒകെ ആയാല്‍ പെയ്‌മെന്റ്; യുപിഐയില്‍ പുതിയ ഫീച്ചര്‍; സുരക്ഷിത ഇടപാടിന് ആര്‍ബിഐ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 03:32 PM  |  

Last Updated: 07th December 2022 03:34 PM  |   A+A-   |  

upi

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സാധന, സേവനങ്ങള്‍ വിതരണം ചെയ്യുന്നത് വരെ അക്കൗണ്ടില്‍ തന്നെ പണം നിലനിര്‍ത്തുന്ന ഫീച്ചര്‍ യുപിഐ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സാധന, സേവനങ്ങള്‍ വിതരണം ചെയ്യുന്ന മുറയ്ക്ക് അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുന്ന രീതിയിലാണ് ഫീച്ചര്‍. 

പലപ്പോഴും ഇ- കോമേഴ്‌സ് പര്‍ച്ചെയ്‌സുകളില്‍ സാധന, സേവനങ്ങളുടെ വിതരണം ചിലപ്പോഴെങ്കിലും വൈകാറുണ്ട്. ഇത് ഉപഭോക്താവിന് പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് സിംഗിള്‍ ബ്ലോക്ക് ആന്റ് മള്‍ട്ടിപ്ലിള്‍ ഡെബിറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ആര്‍ബിഐയുടെ വായ്പ നയ പ്രഖ്യാപന വേളയില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്.

യുപിഐ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.  കൂടുതല്‍ വിശ്വാസ്യതയോടെ ഇടപാട് നടത്താന്‍ ഉപഭോക്താവിന് ഇതിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇടപാട് എളുപ്പത്തില്‍ പൂര്‍ത്തികരിക്കാനും ഇതുവഴി സാധിക്കും. കൂടാതെ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നതും കൂടുതല്‍ സുഗമമാകുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ഇ-കോമേഴ്‌സ് പര്‍ച്ചെയ്‌സ്, ഹോട്ടല്‍ ബുക്കിങ് തുടങ്ങി വിവിധ ഇടപാടുകള്‍ പൂര്‍ത്തിയാകുന്നത് വരെ ഫണ്ട് പാര്‍ക്ക് ചെയ്ത് വെയ്ക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സാധന, സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പതിവായി അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യാന്‍ കച്ചവടക്കാരനെ ഉപഭോക്താവ് അനുവദിക്കുന്ന പെയ്‌മെന്റ് മാന്‍ഡേറ്റ് നല്‍കി കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.

സാധന, സേവനങ്ങള്‍ ലഭ്യമാവുന്ന മുറയില്‍ അക്കൗണ്ടില്‍ നിന്ന് തുക ഡെബിറ്റ് ആകും. ഇതുവഴി സാധന, സേവനങ്ങളുടെ വിതരണം കൂടുതല്‍ വേഗത്തിലാവാന്‍ സഹായിക്കും. കച്ചവടക്കാരെ സംബന്ധിച്ച് സമയബന്ധിതമായി പണം ലഭ്യമാവുന്നുണ്ട് എന്ന് ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നടപ്പാക്കാന്‍ യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പെയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

റിപ്പോ നിരക്കില്‍ അഞ്ചാം തവണയും വര്‍ധന; വായ്പാ പലിശ ഇനിയും ഉയരും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ