നേരിട്ടെത്തി കെവൈസി അപ്‌ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞ് ബാങ്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ?; ആര്‍ബിഐ പറയുന്നത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 05:00 PM  |  

Last Updated: 08th December 2022 05:00 PM  |   A+A-   |  

RBI Board

റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കെവൈസി വീണ്ടും അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉപഭോക്താവ് ബാങ്കില്‍ നേരിട്ട് പോകേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇടപാടുകാരന് ഓണ്‍ലൈനായി ഇത് ചെയ്യാവുന്നതാണ്. എന്നാല്‍ മേല്‍വിലാസത്തില്‍ മാറ്റം ഉണ്ടെങ്കില്‍ ബാങ്കില്‍ പോകേണ്ടി വരുമെന്നും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

വായ്പ നയ പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ശക്തികാന്ത ദാസ് ഇക്കാര്യം വിശദീകരിച്ചത്. ആര്‍ബിഐയുടെ കെവൈസി വ്യവസ്ഥകള്‍ അനുസരിച്ച് നിശ്ചിത ഇടവേളകളില്‍ ബാങ്കുകള്‍ ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായി അക്കൗണ്ട് ഉടമ നേരിട്ട് ബാങ്കില്‍ പോകേണ്ടതില്ല എന്നാണ് ശക്തികാന്ത ദാസ് പറയുന്നത്. പകരം ഓണ്‍ലൈനായി തന്നെ ഇക്കാര്യം ചെയ്യാവുന്നതാണ്.

നിലവില്‍ അക്കൗണ്ട് തുറക്കുമ്പോഴാണ് അക്കൗണ്ട് ഉടമയുടെ കെവൈസി വിവരങ്ങള്‍ ബാങ്ക് ശേഖരിക്കുന്നത്. എന്നാല്‍ നിശ്ചിത ഇടവേളകളില്‍ പുതുക്കാന്‍ ബാങ്ക് നടപടി സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി ബാങ്കിന്റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇടപാടുകാര്‍ ബാങ്കില്‍ പോയി കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ് പതിവ്. 

പകരം ഓണ്‍ലൈനായി തന്നെ അക്കൗണ്ട് ഉടമയ്ക്ക് ഇത് ചെയ്യാവുന്നതാണെന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. കെവൈസി വീണ്ടും അപ്‌ഡേറ്റ് ചെയ്യാന്‍ ബാങ്കില്‍ നേരിട്ട് വരണമെന്ന് നിര്‍ബന്ധിക്കുകയാണെങ്കില്‍ ഉപഭോക്താവിന് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡെലിവറി ഒകെ ആയാല്‍ പെയ്‌മെന്റ്; യുപിഐയില്‍ പുതിയ ഫീച്ചര്‍; സുരക്ഷിത ഇടപാടിന് ആര്‍ബിഐ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ