ട്രാഫിക് പൊലീസുകാരന് വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ അധികാരമുണ്ടോ?; നിയമം പറയുന്നത് ഇങ്ങനെ

റോഡില്‍ അകാരണമായി പൊലീസ് തടഞ്ഞതോടെ, പിഎസ് സി പരീക്ഷ എഴുതാന്‍ കഴിയാതെ പോയ കോഴിക്കോട്ട് സ്വദേശിയുടെ ദുരനുഭവം ഏറെ ചര്‍ച്ചയായിരിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  റോഡില്‍ അകാരണമായി പൊലീസ് തടഞ്ഞതോടെ, പിഎസ് സി പരീക്ഷ എഴുതാന്‍ കഴിയാതെ പോയ കോഴിക്കോട്ട് സ്വദേശിയുടെ ദുരനുഭവം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. റോഡില്‍ ഗതാഗത തടസ്സം കണ്ട് പിഎസ് സി പരീക്ഷാകേന്ദ്രത്തില്‍ എത്താന്‍ വൈകുമെന്ന് കരുതി മറ്റൊരു വഴി തെരഞ്ഞെടുത്തതാണ് അരുണിന് വിനയായത്. പൊലീസ് പറഞ്ഞതനുസരിച്ച് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി എടുത്തതായും ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പായി പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും പൊലീസുകാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അരുണിന്റെ പരാതിയില്‍ പറയുന്നു.

യഥാര്‍ഥത്തില്‍ പരിശോധനയ്ക്കിടെ ട്രാഫിക് പൊലീസുകാരന് വാഹനത്തിന്റെ ചാവിയൂരി എടുക്കാന്‍ അധികാരമുണ്ടോ?, 1932 ലെ മോട്ടോര്‍ വാഹനനിയമം പറയുന്നത് ഇല്ലെന്നാണ്. നിയമലംഘനം കണ്ടാല്‍ എഎസ്‌ഐ മുതല്‍ മുകളിലോട്ട് റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാമെന്ന്‌ നിയമം പറയുന്നു.

സീറ്റ് ബെല്‍റ്റ് ഇടാത്തതിനും ഹെല്‍മെറ്റ് ധരിക്കാത്തതിനും മറ്റും നിയമലംഘനം ചൂണ്ടിക്കാട്ടി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്താറുണ്ട്. എന്നാല്‍ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ നിയമം പൊലീസുകാരനെ അനുവദിക്കുന്നില്ല. താക്കോല്‍ ഊരിയെടുക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്ന് കരുതി നിയമം ലംഘിക്കാനും അവകാശമില്ല.

റോഡില്‍ നിയമലംഘനം കണ്ടാല്‍ എഎസ്‌ഐ മുതല്‍ മുകളിലോട്ട് റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കാമെന്ന്‌ നിയമം പറയുന്നു. ഇവരെ സഹായിക്കല്‍ ആണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കടമ.  ടയറിന്റെ കാറ്റഴിച്ചുവിടാനും നിയമം അനുവദിക്കുന്നില്ല.

വാഹന പരിശോധനയില്‍ നിയമലംഘനം കണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയാണെങ്കില്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

പിഴ ചുമത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശം ചലാന്‍ ബുക്ക് ഉണ്ടോ എന്ന് ഉറപ്പാക്കണം.അല്ലെങ്കില്‍ ഇ- ചലാന്‍ മെഷീന്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടായിരിക്കണം. പിഴ ചുമത്താന്‍ നിയമം പറയുന്നത് അനുസരിച്ച് ഉദ്യോഗസ്ഥര്‍ കൈയില്‍ കരുതേണ്ട ഇവ, പൊലീസുകാരുടെ കൈവശം ഇല്ലെങ്കില്‍ പിഴ ചുമത്താന്‍ സാധിക്കില്ല.

വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ചിരിക്കണം. പേര് അടയാളപ്പെടുത്തിയിരിക്കുന്ന നെയിം ബോര്‍ഡ് യൂണിഫോമില്‍ ഉണ്ടായിരിക്കണം. പൊലീസുകാരന്‍ മഫ്തിയിലാണെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കാന്‍ വാഹനയുടമയ്ക്ക് അവകാശമുണ്ട്. എഎസ്‌ഐ തൊട്ട് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ നൂറ് രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താന്‍ കഴിയൂ

വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ വീഡിയോ ചിത്രീകരിച്ച് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ നിയമം അനുമതി നല്‍കുന്നു

യാത്രയ്ക്കിടെ ഡ്രൈവിങ് ലൈസന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ആര്‍സി ബുക്ക് രേഖ, ഇന്‍ഷുറന്‍സ് എന്നിവ കൈയില്‍ കരുതണം

കൈയില്‍ പിഴ അടയ്ക്കാന്‍ ആവശ്യമായ തുകയില്ലെങ്കില്‍ പിന്നീട് അടയ്ക്കാന്‍ സാധിക്കും. കോടതി പുറപ്പെടുവിക്കുന്ന ചലാന്‍ അനുസരിച്ച് കോടതിയില്‍ പോയി വേണം പിഴ അടയ്‌ക്കേണ്ടത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com