വരുന്നു ജൈവ ഇന്ധന വാഹനങ്ങള്‍, ചെലവ് ലിറ്ററിന് 15 രൂപ; എഥനോള്‍ വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് നിതിന്‍ ഗഡ്കരി 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th June 2023 11:01 AM  |  

Last Updated: 26th June 2023 11:01 AM  |   A+A-   |  

gadkari

നിതിന്‍ ഗഡ്കരി, ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: പൂര്‍ണമായി ജൈവ ഇന്ധനമായ എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ വിപണിയില്‍ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ നിരത്തില്‍ ഇറക്കും. ഓഗസ്റ്റില്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പ് ടൊയോട്ട ഇറക്കും. 40 ശതമാനം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കൂടി ശേഷിയുള്ളതാണ് കാമ്രിയുടെ പുതിയ പതിപ്പെന്നും മന്ത്രി പറഞ്ഞു.

നാഗ്പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് എഥനോള്‍ വാഹനങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായത്. ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നതിനിടെ, മെഴ്‌സിഡസ് ബെന്‍സ് കമ്പനിയുടെ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം ഓര്‍ത്തു. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയില്ലെന്നും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് ആലോചനയെന്നും ബെന്‍സിന്റെ ചെയര്‍മാന്‍ പറഞ്ഞതായി അദ്ദേഹം ഓര്‍ത്തെടുത്തു. 

'എന്നാല്‍ പൂര്‍ണമായി എഥനോളില്‍ ഓടുന്ന പുതിയ വാഹനങ്ങള്‍ ഞങ്ങള്‍ കൊണ്ടുവരും. ബജാജ്, ടിവിഎസ്, ഹീറോ എന്നി കമ്പനികള്‍ നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന സ്‌കൂട്ടറുകള്‍ വിപണിയില്‍ എത്തിക്കും. കൂടാതെ ഓഗസ്റ്റില്‍ ടൊയോട്ട കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പും അവതരിപ്പിക്കും. നൂറ് ശതമാനവും എഥനോളില്‍ ഓടുന്ന കാമ്രിയുടെ പരിഷ്‌കരിച്ച പതിപ്പാണ് അവതരിപ്പിക്കുക. ഇത് 40 ശതമാനം വൈദ്യുതിയും ഉല്‍പ്പാദിക്കും'- അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പെട്രോള്‍ നിരക്ക് ലിറ്ററിന് 120 രൂപയാണ്. എഥനോള്‍ നിരക്ക് 60 രൂപയാണ്. 40 ശതമാനം വൈദ്യുതി കൂടി ഉല്‍പ്പാദിക്കാന്‍ കഴിഞ്ഞാല്‍ എഥനോളിന്റെ ശരാശരി വില ലിറ്ററിന് 15 രൂപയായി താഴുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷ വാര്‍ത്ത; എസ്ബിഐ വീകെയര്‍ നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ