ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി (എഫ്ഡിഐ) 100 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലുടനീളമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ പദ്ധതിയിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വെറും നാലുശതമാനം മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
വിദേശ കമ്പനികള്‍ക്ക് വിപണിയില്‍ പ്രവേശിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അനുമതി നല്‍കാനാണ് നീക്കം. ഒന്നിലധികം കമ്പനികളില്‍ നിന്നുള്ള പോളിസികള്‍ വില്‍ക്കാന്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് ഏജന്റുമാരെ അനുവദിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെയം ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെയും പോളിസികള്‍ വില്‍ക്കാനാണ് നിലവില്‍ ഏജന്റുമാര്‍ക്ക് അനുമതിയുള്ളത്. ഈ നിയന്ത്രണം നീക്കാനാണ് ആലോചന.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലില്‍ ഇതും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ എഫ്ഡിഐ പരിധി വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) മേധാവി ദേബാശിഷ് പാണ്ഡ ചൂണ്ടിക്കാണിച്ചിരുന്നു.
നിലവില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി 74 ശതമാനമാണ്. 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും 26 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഇന്‍ഷുറന്‍സ് മേഖല കൂടുതല്‍ ആഴത്തില്‍ വേരോടുന്നതിന് മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ ആവശ്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ എസ്ബിഐ, എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് മുതല്‍ ടാറ്റയും ബിര്‍ലയും വരെ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിന് വിദേശനിക്ഷേപ പരിധി ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക