Donald Trump
ഡൊണള്‍ഡ് ട്രംപ്പിടിഐ

ഡോളറിന് പകരം കറന്‍സി സൃഷ്ടിച്ചാല്‍ 100 ശതമാനം താരിഫ്; ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് ബ്ലോക്കിലെ രാജ്യങ്ങള്‍ യുഎസ് ഡോളറിന് പകരം മറ്റെതെങ്കിലും കറന്‍സിയെ ആശ്രയിക്കാന്‍ നടപടി സ്വീകരിച്ചാല്‍ അവര്‍ക്കെതിരെ 100 ശതമാനം താരിഫ് ചുമത്തുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്
Published on

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് ബ്ലോക്കിലെ രാജ്യങ്ങള്‍ യുഎസ് ഡോളറിന് പകരം മറ്റെതെങ്കിലും കറന്‍സിയെ ആശ്രയിക്കാന്‍ നടപടി സ്വീകരിച്ചാല്‍ അവര്‍ക്കെതിരെ 100 ശതമാനം താരിഫ് ചുമത്തുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തിങ്കളാഴ്ച അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ട്രംപ് വീണ്ടും ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

'ബ്രിക്‌സ് രാജ്യങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് കുഴപ്പമില്ല, പക്ഷേ അവര്‍ അമേരിക്കയുമായി ബിസിനസില്‍ ഏര്‍പ്പെടുമ്പോള്‍ ഞങ്ങള്‍ കുറഞ്ഞത് 100% താരിഫ് ഏര്‍പ്പെടുത്തും. ആഗോള വ്യാപാരത്തില്‍ ഡോളറിന്റെ ഉപയോഗം കുറയ്ക്കുന്നതിനെക്കുറിച്ച് അവര്‍ അത്രയധികം ചിന്തിച്ചാല്‍ പോലും അവര്‍ക്ക് 100% താരിഫ് ഏര്‍പ്പെടുത്തും' -ട്രംപ് പറഞ്ഞു.

റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നി പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ഡിസംബറിലാണ് ഇതിന് മുന്‍പ് സമാനമായ രീതിയില്‍ ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

'പുതിയ ബ്രിക്‌സ് കറന്‍സി സൃഷ്ടിക്കില്ലെന്നും ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റൊരു കറന്‍സിയെയും പിന്തുണയ്ക്കില്ലെന്നും ഈ രാജ്യങ്ങള്‍ ഉറപ്പുനല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, അല്ലെങ്കില്‍ അവര്‍ 100 ശതമാനം താരിഫുകള്‍ നേരിടേണ്ടിവരും, അല്ലാത്തപക്ഷം അമേരിക്കയില്‍ സാധനങ്ങള്‍ വില്‍ക്കാമെന്ന മോഹം ഉപേക്ഷിച്ച് വിട പറയുമെന്ന് പ്രതീക്ഷിക്കാം'- ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരിക്കലും ഡോളറിനെതിരെയായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ബ്രിക്‌സ് കറന്‍സി വേണമെന്ന നിര്‍ദ്ദേശമില്ലെന്നുമാണ് ഡിസംബറില്‍ മറുപടിയായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com